കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എത്തി. ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചർച്ച നടത്താത്തത് അപമാനകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻഡോസൾഫാൻ ബാധിതർക്ക് മതിയായ ചികിത്സ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ ഒരു സംവിധാനവും ഇല്ല. ഇച്ഛാശക്തിയുള്ള സർക്കാറാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും. ആരോഗ്യമന്ത്രി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടംകുളം സമര നേതാവ് ഉദയകുമാറാണ് ഉദ്ഘാടനം ചെയ്തത്. കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിർദേശ പട്ടികയിൽ കാസർഗോഡ് ജില്ലയുടെ പേരും ചേർക്കുക തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. ആരോഗ്യനില മോശമായതിനെ തുടർന്ന് ദയാബായിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകാതെ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു. സമരപ്പന്തൽ കെട്ടാൻ അനുമതിയില്ലാത്തതിനാൽ കൊടുംചൂടും മഴയും വകവെക്കാതെയാണ് സമരം.
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ദയാബായിയെ പൊലീസ് വീണ്ടും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് കന്റോൺമെന്റ് എസ്.എച്ച്.ഒ ബി.എം. ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനമുണ്ടെന്ന ഡോക്ടറുടെ റിപ്പോർട്ടിന്മേലാണ് നടപടിയെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലും ദയാബായി നിരാഹാരം തുടരുകയാണ്. രണ്ടാം തവണയാണ് സമരത്തിനിടെ ദയാബായിയെ അറസ്റ്റ് ചെയ്ത് നീക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീണ്ടും തിരികെയെത്തി നിരാഹാരം തുടരുകയായിരുന്നു.
പൊലീസിനെക്കൊണ്ട് ഇത്തരം നാടകങ്ങൾക്ക് തിരക്കഥ എഴുതിപ്പിക്കുന്നത് അവസാനിപ്പിച്ച് സർക്കാർ ദയാബായിയുമായി ചർച്ചക്ക് തയാറാകണമെന്ന് സമരസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.