പാണക്കാട്ടെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തുന്നു

വി.ഡി. സതീശൻ പാണക്കാട് സന്ദർശിച്ചു; ‘ലീഗുമായുള്ളത് സഹോദര ബന്ധം, ഒരു അഭിപ്രായ വ്യത്യാസവുമില്ല’

പാണക്കാട് (മലപ്പുറം): പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് -ലീഗ് നേതാക്കൾ തമ്മിൽ ഉടലെടുത്ത വാക്കുതർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സൗഹൃദ സന്ദർശനം.

മലപ്പുറം കോൺഗ്രസിലെ തർക്കവും ഫലസ്തീൻ വിവാദവും ചർച്ചയായെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഇന്ന് വൈകീട്ട് നാലു മണിക്ക് പാണക്കാടെത്തി സാദിഖലി തങ്ങളെ കാണും.

ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശൻ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, പി.എം.എ സലാം, അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി. നൗഷാദലി, പി.കെ. ബഷീർ എം.എൽ.എ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കോൺഗ്രസ് നേതൃതല കൺവെൻഷനായി മലപ്പുറത്ത് എത്തിയ വി.ഡി. സതീശൻ, ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് സാദിഖലി തങ്ങളുടെ വസതിയിലെത്തിയത്. ജില്ലയിലെ കോൺഗ്രസിൽ പുകയുന്ന വിഭാഗീയതയിലും തുറന്ന പോരിലുമുള്ള അതൃപ്തി ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. തർക്കം മുന്നണിയുടെ കെട്ടുറപ്പിന് ദോഷകരമാവുന്ന നിലയിലേക്ക് വളരുന്ന സാഹചര്യം ഉണ്ടാവരുതെന്നും ലീഗ് നേതൃത്വം ഉണർത്തിയിരുന്നു.

പാണക്കാട്ട് എത്തിയത് സൗഹൃദ സന്ദർശത്തിനാണെന്നും വി.ഡി. സതീശൻ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളാട് പറഞ്ഞു. ജില്ലയിൽ പാർട്ടിയിലുള്ള ലുള്ള തർക്കങ്ങൾ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. അക്കാര്യത്തിൽ താൻ അഭിപ്രായം പറയില്ലെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങളാണ് കൂടിക്കാഴ്ചയിൽ വിഷയമായതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്ന് വൈകീട്ട് പാണക്കാട്ട് എത്തി ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

നിരവധി പേർ മരിച്ചു വീഴുന്ന ഫലസ്തീൻ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. റാലി നടത്താൻ തീരുമാനിച്ച സി.പി.എം ഫലസ്തീനെ കുറിച്ചല്ല ചർച്ച ചെയ്യുന്നത്. അതിന്‍റെ മറവിൽ മുസ്‍ലിം ലീഗ്, സമസ്ത, യു.ഡി.എഫ് എന്നിവയാണ് ചർച്ചാ വിഷയമാക്കുന്നത്. ഫലസ്തീന് ആര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സി.പി.എം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സി.പി.എമ്മിന് ഫലസ്തീനിനോടുള്ള ആത്മാർഥ ​ഐക്യദാർഢ്യമാണ് ഉള്ളതെങ്കിൽ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം? കോൺഗ്രസിനെയും യു.ഡി.എഫിലെ മുഴുവൻ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോ? -സതീശൻ ചോദിച്ചു. 

Tags:    
News Summary - VD Satheesan Visits Muslim League Leaders at Panakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.