മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏതെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വര്‍ഷം മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പിലാക്കുന്നത്.

കുട്ടികളും ഗര്‍ഭിണികളും പൂര്‍ണമായി വാക്‌സിന്‍ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുളള രോഗാതുരതയും മരണവും കുറക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നു. ഇതിനായി എല്ലാവരുടേയും പിന്തുണ ആവശ്യമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്.

ഒന്നാം ഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മുന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെയാണ് പരിപാടിയുടെ സമയക്രമം. കേരളത്തിലെ എല്ലാ ജില്ലകളിലും മിഷന്‍ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്.

പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആര്‍ ഒന്ന്, എം.ആര്‍. രണ്ട്, ഡി.പി.റ്റി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം എടുക്കുവാന്‍ വിട്ടുപോയിട്ടുളള രണ്ട് മുതല്‍ അഞ്ച് വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്.

സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും രണ്ട് വയസ് വരെയുളള 61,752 കുട്ടി കളെയും രണ്ട് മുതല്‍ അഞ്ച് വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികള്‍) വാക്‌സിന്‍ നല്‍കുന്നതിനായി കണ്ടെത്തിയിട്ടുളളത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെ ട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷന്‍ നല്‍കുന്നതാണ്. കൂടാതെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായ ത്തോടെ വാക്‌സിനേഷന്‍ നല്‍കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 10,086 സെഷനുകള്‍ പ്ലാന്‍ ചെയ്തിട്ടുളളതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എന്‍മാരാണ് വാക്‌സിന്‍ നല്‍കുന്നത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാസ്ഥാപന തലങ്ങളിലും പരിശീലനം നല്‍കിയിട്ടു ണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ വാക്‌സിനുകളും മറ്റ് സാമഗ്രികളും ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും വാക്‌സിന്‍ എടുക്കുന്നവരുടെ വിവര ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് തിരുവന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് മന്ത്രി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിസെഫ് കേരള, തമിഴ്‌നാട് ഫീല്‍ഡ് ഓഫീസ് ചീഫ് കെ.എല്‍. റാവു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ സംസാരിച്ചു.

യൂനിസെഫ് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. കൗശിക് ഗാംഗുലി, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് ദിവ്യ ശ്യാംസുധീര്‍ ബണ്ടി, ഡബ്ല്യു.എച്ച്.ഒ. സര്‍വയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. പ്രതാപ ചന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി. മീനാക്ഷി, എസ്.എ.ടി. ആശുപത്രി അസി. പ്രഫ.ഡോ. പ്രിയ ശ്രീനിവാസന്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു.

Tags:    
News Summary - Veena George said Mission Indradhanush Campaign 5.0 is another important campaign in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.