ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുള്ളത്. ഇത് വിപുലീകരിക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. 14 ജില്ലകളിലും മൊബൈല്‍ ലബോറട്ടികള്‍ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തുന്നത് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നതില്‍ ആഹാരത്തിന് വലിയ പ്രധാനമാണുള്ളത്. ഭക്ഷ്യസുരക്ഷ എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ വര്‍ഷം 75,000 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മൊബൈല്‍ ലാബിന്റെയും മറ്റ് ലാബുകളുടെയും സഹായത്തോടെ 67,272 സാമ്പിളുകള്‍ പരിശോധിച്ചു. നിലവാരം ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സാമ്പിളുകള്‍ വിറ്റ 1079 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ 6022 സ്ഥാപനങ്ങളില്‍ നിന്നായി മൂന്ന് കോടിയോളം രൂപ പിഴ ചുമത്തി.

കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ രണ്ടര മാസംകൊണ്ട് തന്നെ 336 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 230 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു കഴിഞ്ഞു. 106 പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. ഈ ആപ്പിലൂടെ പരാതികളും അറിക്കാമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എ.ല്‍എ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോ. കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണര്‍ മഞ്ജുദേവി, സതേണ്‍ റെയില്‍വേ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Tags:    
News Summary - Veena George said that food safety enforcement activities will be strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.