രാജ്യത്തെ മാധ്യമങ്ങളെ മൂലധന കമ്പോളം നിയന്ത്രിക്കുന്നുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: കോർപ്പറേറ്റ് വൽക്കരണത്തിന്റെ വക്താക്കളായ ഭരണാധികാരികളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ സൃഷ്ടിക്കുകയാണ് ഇന്ന് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് മന്ത്രി വീണ ജോർജ്. എൻ.ജി.ഒ യൂനിയന്റെ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഇന്നസെന്റ് നഗറിൽ "മാധ്യമ സ്വാതന്ത്ര്യം, ധർമ്മം, നൈതികത" എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ത്സപാർലമെന്റ് ഉദ്ഘാടനവേളയിലെ ചടങ്ങുകൾ ഇന്ത്യയുടെ ജനാധിപത്യത്തിനും, മതേതരത്വത്തിനും എതിരാണെന്ന് പറയാൻ രാജ്യത്തെ എത്ര മാധ്യമങ്ങൾ ചങ്കൂറ്റം കാണിച്ചു. മാധ്യമങ്ങളെ വിലക്ക് വാങ്ങുക വഴി കോർപ്പറേറ്റുകൾ ലക്ഷ്യമിടുന്നത് ലാഭമല്ല മറിച്ച് നാടിന്റെ സമ്പത്ത് കൈയടക്കാൻ അനുകൂലമായ സാഹചര്യങ്ങൾ മാധ്യങ്ങളിലൂടെ ഒരുക്കുകയാണ്. വാർത്തകൾ വാണിജ്യ ഉൽപ്പന്നങ്ങളായി മാറി. ഒരു ചാനൽ കൈകാര്യം ചെയ്ത വാർത്ത ഘടനയിലോ വചകങ്ങളിലോ ഒരു മാറ്റവുമില്ലാതെ മറ്റൊരു ചാനലിൽ വരുന്നത് ഇതിന്റെ ഉദാഹരണമാണ്.

അടിയന്തിരാവസ്ഥയുടെ കാലത്ത് മാധ്യമങ്ങളെ അടിച്ചമർത്തിക്കൊണ്ടാണ് നിയന്ത്രിച്ചിരുന്നതെങ്കിൽ, വർത്തമാന ഇന്ത്യയിൽ മാധ്യമ സ്ഥാപനങ്ങളെ വിലക്ക് വാങ്ങി കൂച്ചുവിലങ്ങിടുകയാണ്. ഭരണഘടന മാധ്യമങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു.

ഫ്രണ്ട് ലൈൻ മുൻ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, മീഡിയവൺ ചീഫ് എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സംസാരിച്ചു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Veena George says that the capital market controls the country's media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.