പാലക്കാട്: ജി.എസ്.ടി നടപ്പാക്കി ഒന്നരമാസം പിന്നിടുമ്പോൾ പലചരക്ക് സാധനങ്ങളുടെ വിലയും മേലോട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ശരാശരി 10 ശതമാനമാണ് പലചരക്ക് സാധനങ്ങളുടെ വിലയിൽ വർധിച്ചത്. ജി.എസ്.ടി നടപ്പാക്കുമ്പോൾ പലചരക്ക് സാധനങ്ങളുടേതടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്ക് നികുതിയീടാക്കത്തതിനാൽ വില കുറയുമെന്നായിരുന്നു സർക്കാർ വാഗ്ദാനം.
ഉണക്കമുളക്, മല്ലി, മുതിര, ഉഴുന്ന്, കടല, പരിപ്പ് എന്നിവയുടെ വിലയിൽ പൊതുവിപണിയിൽ ഒരാഴ്ചക്കിടെ മൂന്നുമുതൽ അഞ്ചുരൂപയുടെ വർധനവാണ് ഉണ്ടായത്. പഞ്ചസാര, കടല, ചെറുപയർ, ജീരകം തുടങ്ങിയവയുടെ വിലയിൽ നേരിയ വർധനവും രേഖപ്പെടുത്തി. മഞ്ഞൾ, മല്ലി, മുളക്, വലിയ ജീരകം എന്നിവക്ക് അഞ്ച് ശതമാനമാണ് ജി.എസ്.ടിയിൽ നികുതിയേർപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവക്ക് നികുതിയീടാക്കുന്നുമില്ല. കഴിഞ്ഞ ആഴ്ച 65 രൂപയായിരുന്ന ഒരുകിലോ ഉണക്കമുളകിെൻറ വില ഇപ്പോൾ 70 രൂപയായി ഉയർന്നപ്പോൾ മുതിരയുടെ വില 10 രൂപ വർധിച്ച് 80ലെത്തി. പരിപ്പ് അഞ്ചുരൂപ വർധിച്ച് 65ലെത്തിയപ്പോൾ മല്ലിക്ക് എട്ടുരൂപയുടെ വർധനവാണുണ്ടായത്.
മഞ്ഞൾ വില 90 കടന്നു. ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയ അരിയുടെ വിലയിലും കുറവ് വന്നിട്ടില്ല. വെളിച്ചെണ്ണ വിലയിൽ ലിറ്ററിന് ശരാശരി അഞ്ചുരൂപയുടെ വർധനവുണ്ടായി. ഉൽപാദനത്തിലെ കുറവാണ് വില വർധിക്കാൻ കാരണമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. പച്ചക്കറി വിലയിൽ സവാളയുടെ വില താഴോട്ടിറങ്ങിയില്ല. തക്കാളി വില 35 രൂപയിലെത്തിയപ്പോൾ നേന്ത്രക്കായയാണ് വില കൂടിയ മറ്റൊരിനം.
നേന്ത്രപ്പഴം കിലോക്ക് 60 രൂപ കടന്നു. ഓണമടുക്കുന്നതോടെ വില ഇനിയും ഉയരും. പലചരക്ക് വിലയിലും ഓണ സീസൺ അടുക്കുന്നതോടെ വർധനവുണ്ടാകും. ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലവർഷം കനത്തതിനാൽ അരി വരവിൽ കുറവ് വന്നിട്ടുണ്ട്. ആന്ധ്രയിൽനിന്ന് സംസ്ഥാന സർക്കാർ അരി ഇറക്കുമതി ചെയ്യുന്നതിനാൽ ഓണത്തിന് വില കയറില്ലെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.