കോട്ടയം: ഒാണക്കാലത്ത് പൊതുവിപണിയിൽ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ തമിഴ്നാടിനു പുറമെ കർണാടകയിൽനിന്നുകൂടി ആവശ്യത്തിന് പച്ചക്കറി ലഭ്യമക്കാൻ സർക്കാർ ഏജൻസികളുടെ തീരുമാനം. കൊടുംവരൾച്ചയിൽ തമിഴ്നാട്ടിൽ പച്ചക്കറി കൃഷിയിലുണ്ടായ ഉൽപാദനക്കുറവ് സൃഷ്ടിക്കുന്ന ക്ഷാമവും വിലവർധനയും മുന്നിൽകണ്ടാണ് സർക്കാർ ഏജൻസികളായ സപ്ലൈകോയും ഹോർട്ടിേകാർപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും ഇൗ തീരുമാനമെടുത്തത്. ഇതിനുപുറമെ കുടുംബശ്രീ യൂനിറ്റുകൾ, സഹകരണസംഘങ്ങൾ എന്നിവ മുഖേനയും പച്ചക്കറി പൊതുവിപണിയിൽ ലഭ്യമാക്കും. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി കർണാടകയിലെ വിവധ കർഷക സംഘങ്ങളുമായും സ്ഥാപനങ്ങളുമായും സർക്കാർ ഏജൻസികൾ കഴിഞ്ഞദിവസം ധാരണയിലെത്തി. ഇതര സംസ്ഥാനങ്ങളിൽനിന്ന് വിഷരഹിത പച്ചക്കറി വിലകൂടിയാൽ പോലും ലഭ്യമാക്കാനാണ് ധാരണ.
സംസ്ഥാനത്ത് മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട എന്നിവടങ്ങളിലെയും വീടുകളിലടക്കം ചെറുകിട കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറി പൂർണമായും പത്തുശതമാനം അധികവില നൽകി ശേഖരിക്കും. പൊതുവിപണിയിൽ 30 ശതമാനം വരെ വിലക്കുറച്ചാകും സർക്കാർ ഏജൻസികൾ വിൽപനനടത്തുക. ഇതിനായി അധികം വരുന്ന തുക സർക്കാർ സബ്സിഡിയായി ഏജൻസികൾക്ക് നൽകും.പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞ് ഒാണക്കാലത്ത് പച്ചക്കറി സുലഭമാക്കുകയാണ് ലക്ഷ്യമെന്ന് ഹോർട്ടികോർപ് ചെയർമാൻ വിനയൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പച്ചക്കറി സംഭരണത്തിനായി വിവിധ ഏജൻസികൾക്ക് സർക്കാർ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ ലഭ്യമല്ലാത്ത ഇരുപതിനം പച്ചക്കറികളാകും കർണാടകയിൽനിന്ന് എത്തിക്കുക. ഇതോടൊപ്പം ഒരുകാരണവശാലും പച്ചക്കറിക്ക് ക്ഷാമം ഉണ്ടാകരുതെന്നും സർക്കാർ കൃഷി-ഭക്ഷ്യവകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഒാണക്കാലത്ത് പൊതുവിപണിയിൽ പച്ചക്കറി ലഭ്യമാക്കാൻ 6500 സ്റ്റാളുകൾ വിവിധ ഏജൻസികൾ തുറക്കുമെന്നും ഇതിൽ ഹോർട്ടികോർപിന് 750 സ്റ്റാളുകൾ ഉണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു. സൈപ്ലകോയും കൃഷി വകുപ്പും ചേർന്നാകും മറ്റു സ്റ്റാളുകൾ തുറക്കുക. ആഗസ്റ്റ് 30മുതൽ അടുത്തമാസം മൂന്നുവരെയാകും വിൽപന. അതിനിടെ, സംസ്ഥാനത്ത് പച്ചക്കറിക്ക് 20മുതൽ 35ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. പല പച്ചക്കറിയും കിട്ടാനില്ലാത്ത അവസ്ഥയും നിലനിൽക്കുന്നു. പൊതുവിപണയിൽ സർക്കാർ ഏജൻസികളുടെ ഇടപെടൽ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.