കൊല്ലം: തമിഴ്നാട്ടിൽ മകരപൊങ്കൽ ആഘോഷങ്ങൾ സമാപിച്ചതോടെ വിലയിൽ ആശ്വാസത്തിന്റെ സമ്മിശ്രരുചിയുമായി ജില്ലയിൽ പച്ചക്കറിവിപണി. ഏതാനും ഇനം പച്ചക്കറികൾക്കൊഴികെ ഭൂരിഭാഗം ഇനങ്ങളും വില സാധാരണനിലയിലെത്തിയിട്ടുണ്ട്. പൊങ്കലിന് തൊട്ടുമുേന്ന കിലോക്ക് 60 രൂപക്ക് മുകളിൽ പോയ വെണ്ടക്ക വില കഴിഞ്ഞ ദിവസങ്ങളിൽ 30-40 രൂപയായി. സവാള 30-35, തക്കാളി 45-50, കിഴങ്ങ് 30, വഴുതന 40-45, കൊച്ചുള്ളി 45 എന്നിങ്ങനെയാണ് നിലവിലെ വില. ബീൻസ്(100-105), കാരറ്റ്(60-62) എന്നിവക്ക് താരതമ്യേന വിലകൂടി നിൽക്കുകയാണ്. അതേസമയം, കച്ചവടം കുറവാണെന്നും വിപണിയിൽ ആവേശമില്ലെന്നും വ്യാപാരികൾ പറയുന്നു. ചൂട് ഇതേ രീതിയിൽ തുടർന്നാൽ വില ഉയരുമെന്ന ആശങ്കയുമുണ്ട്. ഇടക്ക് മഴ പെയ്തതിന്റെ ആശ്വാസമാണ് ഇപ്പോൾ വിലയിൽ കാണുന്നത്. പൊങ്കൽതിരക്ക് ഒഴിഞ്ഞതിന്റെ വിലയിടിവ് ഇവിടെ ഗുണം ചെയ്യുമെങ്കിലും അതിനനുസരിച്ചുള്ള തിരക്കും ഡിമാൻഡും പ്രദേശിക വിപണിയിൽ കാണാത്തത് വ്യാപാരികളെ ആശങ്കയിലാക്കുന്നു.
കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന വെളുത്തുള്ളിസ്റ്റോക്ക് കൂടുതലായി വിപണിയിലേക്ക് എത്തുന്നതിനൊപ്പം വിലയും കുതിക്കുന്നു. നിലവിൽ 280-300 രൂപ വരെയാണ് ചില്ലറവിപണിയിൽ വെളുത്തുള്ളി വില. ഡിസംബറിൽ 150 രൂപവരെ ആയിരുന്ന വിലയാണ് ആഴ്ചകൾക്കകം കുതിച്ചത്. സീസൺ ഫെബ്രുവരി പകുതി പിന്നിടുമ്പോൾ തുടങ്ങുന്ന സാഹചര്യത്തിലാണ് നിലവിൽ പഴയ സ്റ്റോക്ക് കൂടുതലായി എത്തുന്നത്. ഏറ്റവും താഴ്ന്ന ക്വാളിറ്റിയിലുള്ള വെളുത്തുള്ളി പെട്ടെന്ന് കേടായിപ്പോകുന്ന പ്രശ്നം നേരിടുന്നതായി വ്യാപാരികൾ പറയുന്നു. രാജസ്ഥാൻ പോലുള്ള മേഖലയിൽ കൃഷിനാശവും വരൾച്ചയും പോലുള്ള പ്രശ്നങ്ങൾ കാരണം ഉൽപാദനം കുറഞ്ഞതാണ് ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം. ഒരുമാസം മുമ്പ് എട്ട് രൂപയുണ്ടായിരുന്ന മത്തങ്ങ വില 27 രൂപയിലേക്ക് കയറിയതും ഞെട്ടിച്ചിട്ടുണ്ട്. ഊട്ടി ബീറ്റ്റൂട്ടിന് 50 രൂപ നൽകണം.
വിപണിയിൽ അമരക്ക കിട്ടാനില്ലാത്ത അവസ്ഥയെന്ന് വ്യാപാരികൾ. മൂന്ന് ദിവസത്തോളമായി അമരക്ക സ്റ്റോക്ക് എടുക്കാനായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പൊങ്കൽ ഡിമാൻഡ് കാരണം സ്റ്റോക്ക് കുറഞ്ഞതായാണ് ചൂണ്ടിക്കാട്ടുന്നത്.
സീസൺ കഴിഞ്ഞതോടെ മുരിങ്ങക്കയും കണികാണാനില്ലാത്ത നിലയിലാണ്.
കിലോക്ക് 200 രൂപക്ക് മുകളിലാണ് വില. കിട്ടുന്നതിനാകട്ടെ ക്വാളിറ്റിയുമില്ല. മഴ കാരണം കറുപ്പടിച്ച മുരിങ്ങക്കയാണ് വരുന്നത്. നല്ല മുരിങ്ങക്ക എത്താൻ ഇനിയും ആറ് മാസമെങ്കിലും ആകണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ചൈനീസ്, അറബിക് ഭക്ഷണപ്രിയം ഏറുന്ന പുതുതലമുറക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പച്ചക്കറിവിപണിയിലും ന്യൂജെൻ തിളക്കം. പരമ്പരാഗതമായ മത്തനും വെണ്ടക്കയും തേടിവന്നിരുന്നവരിൽനിന്ന് മാറി വ്യത്യസ്ത പേരുകളിലെ പച്ചക്കറികൾ തേടിയെത്തുന്നവർ പുതിയ ട്രെൻഡാകുകയാണ്.
ബ്രൊക്കോളി, സൂകിനി, സ്പ്രിങ് ഒനിയൻ, ലെറ്റ്യൂസ്, ഐസ് ബെർഗ്, സെലറി, കളർ കാപ്സിക്കം, ലീക്സ്, സ്പിനാച്, ലെമൻഗ്രാസ്, ചൈനീസ് കാബേജ്, റെഡ് റാഡിഷ്, ആർട്ടികോക്ക്, ചെറി ടൊമാറ്റോ, സ്പാനിഷ് കുകുംബർ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന വ്യത്യസ്തരാണ് നാടൻ പച്ചക്കറിക്കടകളിലും താരങ്ങൾ.
യുട്യൂബ് റെസിപ്പി വിഡിയോകൾ ട്രെൻഡ് ആയതും ഇത്തരം പച്ചക്കറികളുടെ ഡിമാൻഡ് ഉയർത്തി. ചൈനീസ്, അറബിക് ഭക്ഷ്യവിഭവങ്ങളിലെ പച്ചക്കറികൾ തേടി യുവത കൂടുതൽ എത്താൻ തുടങ്ങിയതോടെയാണ് ഇവയുടെ സ്റ്റോക്ക് എടുക്കാനുള്ള ധൈര്യം സാധാരണ കടക്കാർക്കും വന്നത്. കടയ്ക്കൽ പോലുള്ള ജില്ലയിലെ കിഴക്കൻമേഖല പട്ടണങ്ങളിൽവരെ ഇത്തരം പച്ചക്കറികൾക്ക് ഡിമാൻഡ് ഏറെയാണ്. റസ്റ്റാറന്റുകളും കഫെകൾക്കും പുറമെ ഗാർഹിക ഉപഭോക്താക്കൾ കാര്യമായി തേടിയെത്തുന്നുണ്ട്. വിലയേറുന്ന ഈ വിഭാഗം പച്ചക്കറികൾ ഊട്ടിയിൽ നിന്നാണ് ജില്ലയിൽ എത്തുന്നത്.
വൻ വിലക്കയറ്റത്തിന്റെ തിരിച്ചടിയില്ലെങ്കിലും പച്ചക്കറിമേഖല വലിയ പ്രതിസന്ധിയിലാണ്. ഡിമാൻഡ് ഇല്ലാത്തതും കച്ചവടം കുറഞ്ഞതും കാരണം വ്യാപാരമേഖല സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. വ്യാപാരികൾക്ക് സഹായമൊരുക്കാൻ സർക്കാർ തയാറാകണം.- എം.ജെ. അൻവർ കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.