തിരുവനന്തപുരം: ഓപറേഷൻ ഫോക്കസ് 3 എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് തുടരുന്ന ടൂറിസ്റ്റ് ബസുകളിലെ പരിശോധനയിൽ വെളിപ്പെടുന്നത് ഗുരുതര നിയമലംഘനങ്ങൾ. പരിശോധിച്ച ഭൂരിഭാഗം ബസുകളിലും അനധികൃത രൂപമാറ്റം, സ്പീഡ് ഗവേണറിലെ കൃത്രിമം, അനധികൃത ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ കണ്ടെത്തി. നിറത്തിലും അലങ്കാരത്തിലും മുതൽ ലൈറ്റുകളിൽ വരെ നിയമലംഘനമാണ്.
നാലും അഞ്ചും എച്ച്.ഐ.ഡി ലൈറ്റുകൾ (ഹൈ ഇന്‍റൻസിറ്റി ഡിസ്ചാർജ്) തെളിയിച്ചാണ് ബസുകളുടെ പാച്ചിൽ. അരക്കിലോമീറ്ററിലേറെ പ്രകാശം നൽകുന്ന എച്ച്.ഐ.ഡി ലൈറ്റുകൾ എതിർദിശയില്‍ എത്തുന്നവരുടെ കാഴ്ചയെത്തന്നെ മറയ്ക്കുന്ന രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്.
അതിതീവ്രശേഷിയുള്ള ഈ ലൈറ്റുകൾ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് വ്യക്തം. ലൈറ്റുകളുടെ ചുറ്റിലും ബോഡിയിലും വൈപ്പറിന്‍റെ രണ്ട് ആമുകളിലും എൽ.ഇ.ഡി സ്ട്രിപ്പുകൾ പിടിപ്പിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങളിൽ തട്ടിയാൽ പരിക്ക് ഗുരുതരമാകുന്ന, മുന്നിലെ നിയമവിരുദ്ധ ബുൾബാറാണ് മറ്റൊന്ന്.
രൂക്ഷ ശബ്ദമലിനീകരണത്തിന് കാരണമാകുന്നതും കാതടിപ്പിക്കുന്നതുമായ എയർഹോണുകൾ അതി രഹസ്യമായാണ് ഘടിപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ വേഗം കണ്ണിൽപ്പെടാതിരിക്കാൻ ലഗേജുകൾവെക്കുന്ന അറക്കുള്ളിലും വീൽ ആർച്ചിന്‍റെ ഉള്ളിലുമെല്ലാമാണ് ഈ മൾട്ടി പൈപ്പ് ഹോണുകൾ ഒളിപ്പിച്ചിട്ടുള്ളത്.
ലൈറ്റുകൾക്കും സ്പീക്കറുകൾക്കും പുറെമ സ്മോക്ക് മെഷീനുകളും ചില ബസുകളിൽ കണ്ടെത്തി. പല ബസുകളിലും സ്പീഡ് ഗവേണർ അഴിച്ചിട്ട നിലയിലായിരുന്നു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ ഫിറ്റ്നസ് നിഷേധിക്കാമെന്നിരിക്കെ മിക്ക ബസുകളും ഫിറ്റ്നസ് നേടിയ ശേഷമാണ് രൂപമാറ്റം വരുത്തുന്നതെന്നത് മോട്ടോർ വാഹനവകുപ്പിനെയും കുഴക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അമിത വേഗത്തിന്‍റെ പേരിൽ മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയത് 1700 ഓളം വാഹനങ്ങളെയാണ്. പിഴയടച്ചാൽ കരിമ്പട്ടികയിൽ നിന്ന് പേര് മാറുമെന്നതിനാൽ ഈ നടപടിയും ബസുടമകളടക്കം നിസ്സാരവത്കരിക്കുകയാണ്.
നേരേത്ത കരിമ്പട്ടികയിലുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് അതും ഒഴിവായി. ഫിറ്റ്നസ് ഉണ്ടെന്ന് അംഗീകൃത ഏജൻസി ശിപാർശ ചെയ്താൽ സർട്ടിഫിക്കറ്റ് നൽകണമെന്ന കോടതി നിർദേശം വന്നേതാടെയാണ് മോട്ടോർ വാഹനവകുപ്പിന്‍റെ ൈകയിൽ നിന്ന് കാര്യങ്ങൾ കൈവിട്ടത്.
തിരുവനന്തപുരം: സ്പീഡ് ഗവേണർ വാഹനത്തിൽ നിർബന്ധമെങ്കിലും സ്പീഡ് ഗവേണർ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധന പ്രഹസനം. ടെസ്റ്റ് സമയത്ത് സ്പീഡ് ഗവേണർ ഘടിപ്പിച്ചെത്തുന്ന ബസുകൾ പരിശോധന കഴിഞ്ഞയുടൻ അഴിച്ചുമാറ്റാറാണ് പതിവ്.
സംസ്ഥാനത്തെ ദേശീയപാതകളിൽ മണിക്കൂറിൽ 70ഉം മറ്റു റോഡുകളിൽ 60 ഉം കിലോമീറ്ററാണ് ബസുകളുടെ അനുവദനീയ വേഗം. നിർണിത നിരക്കിനുമുകളിലേക്ക് വേഗം കയറിയാൽ സ്പീഡ് ഗവേണർ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വാഹനം ഓടിച്ച് നോക്കണം.
ഇതിനുള്ള സൗകര്യം മിക്ക സ്ഥലങ്ങളിലുമില്ല. നേരേത്ത ജാക്കിയിൽ വാഹനം നിർത്തിയ ശേഷം ആക്സിലേറ്റർ കൊടുത്തു സ്പീഡ് ഗവേണർ ക്ഷമത പരിശോധിക്കുന്നതായിരുന്നു രീതി. എന്നാൽ പലയിടങ്ങളിലും വാഹനം ജാക്കിയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായതോടെ ഇത് ഒഴിവാക്കി. സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് സ്പീഡ് ഗവേണറിൽ ചലനമോ മൂളലോ ഉണ്ടോ എന്ന് നോക്കി 'പ്രവർത്തനം' ഉറപ്പവരുത്തുകയാണ് പലയിടത്തും.
നേരേത്ത സ്പീഡ് ഗവേണർ പ്രത്യേകം വാങ്ങി ഘടിപ്പിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ 2019 ഏപ്രിലിനുശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ നിർമാണ കമ്പനിതന്നെ ഇത് ഘടിപ്പിക്കുകയാണ്. എന്നാൽ വാഹനത്തിന്‍റെ ഇലക്‌ട്രോണിക് കൺട്രോൾ യൂനിറ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ പൂട്ടും പൊളിക്കാൻ കഴിയുന്ന 'വിദഗ്ധർ' വ്യാപകമായുണ്ട്.
നിർമാണഘട്ടത്തില്‍ ഘടിപ്പിച്ച സ്‍പീഡ് ഗവേണറുകളുടെ ഇ.സി.എം സോഫ്റ്റ്‌െവയറിൽ മാറ്റംവരുത്തുകയാണ് ഇവർ ചെയ്യുന്നത്. പഴയ മെക്കാനിക്കൽ സ്‍പീഡ് ഗവേണറുകളുടെ മാതൃകയിൽ അധികൃതര്‍ക്ക് ഇവ മുദ്രവെക്കാൻ കഴിയില്ല എന്നതും പൂട്ടഴിക്കലിന് പഴുതാണ്. സംസ്ഥാനത്തിന് പുറത്തുള്ള റോഡുകളിലെ യാത്രക്ക് ഇതിൽക്കൂടുതൽ വേഗമെടുക്കാൻ അനുമതിയുണ്ടെന്നുപറഞ്ഞാണ് സ്വകാര്യ ടൂർ ഓപറേറ്റർമാർ വേഗപരിധി അനധികൃതമായി കൂട്ടുന്നത്.
യാത്രക്കാരുമായി പോകുമ്പോൾ വാഹനം പരിശോധിക്കാൻ കഴിയില്ല എന്നതും നിയമലംഘകര്‍ക്ക് സഹായകമാകുന്നു. നിയമലംഘനങ്ങൾ ഉണ്ടെങ്കിൽത്തന്നെ യാത്ര തുടങ്ങുന്നതിനുമുമ്പോ അവസാനിച്ചശേഷമോ മാത്രമേ ബസുകൾ പിടിച്ചെടുക്കാൻ കഴിയൂ. ഇലക്‌ട്രോണിക് കൺട്രോൾ യൂനിറ്റുകള്‍ പരിശോധിക്കാനുള്ള സംവിധാനം മോട്ടോർവാഹന വകുപ്പിന് ഇല്ല എന്നതും നിയമലംഘകർക്ക് സഹായമായി.
തിരുവനന്തപുരം: വിനോദയാത്രയുടെ കാര്യത്തിൽ വർഷങ്ങളായി സർക്കാർ നിർദേശം അവഗണിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വടക്കഞ്ചേരി അപകടത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് നിലപാട് തിരുത്തിത്തുടങ്ങി. വിനോദയാത്രകൾ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു സർക്കാർ നിർദേശം.
കഴിഞ്ഞദിവസങ്ങളിൽ 20 ഓളം വിദ്യാലയങ്ങൾ യാത്രാകാര്യം മോട്ടോർവാഹന വകുപ്പിനെയും പൊലീസിനെയും അറിയിച്ചതായാണ് വിവരം. അൺ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളാണ് സർക്കാർ ഉത്തരവുകൾ ഏറെയും അവഗണിച്ചിരുന്നത്.
വിനോദയാത്രവിവരം മുൻകൂട്ടി അറിയിക്കണമെന്ന് ജൂലൈ ഏഴിന് മോട്ടോർവാഹന വകുപ്പ് സർക്കുലർ ഇറക്കിയെങ്കിലും 53 സ്കൂളുകള്‍ മാത്രമാണ് വിവരം കൈമാറി യാത്ര നടത്തിയത്. സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗനിർദേശം 15 വർഷം മുമ്പേ നിലവിലുണ്ട്.
2007 ലാണ് ആദ്യമായി മാർഗനിർദേശം വന്നത്. രാത്രിയാത്ര വിലക്ക്, യാത്രാസൗകര്യം, അധ്യാപകർ പാലിക്കേണ്ട ജാഗ്രത തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ടായിരുന്നു. അപകടങ്ങള്‍ തുടർക്കഥയായപ്പോൾ മാനദണ്ഡങ്ങള്‍ കർശനമാക്കി. 2012ലും '19ലും '20ലുമെല്ലാം സർക്കുലറുകൾ മാറ്റം വരുത്തി ഇറക്കി.
അധ്യാപകർ ലഹരി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കാനും വിനോദയാത്രക്ക് കമ്മിറ്റിയും കണ്‍വീനറുമൊക്കെ വേണമെന്നും നിർദേശം വന്നു. ഈ സർക്കുലറുകളിലൊന്നും വാഹനങ്ങളെക്കുറിച്ച് നിർദേശമുണ്ടായില്ല. യാത്രാവിവരം ലഭിച്ചാൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി രേഖകളും ബസും പരിശോധിക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.