നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്ത് വനിത സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡന്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറസ്റ്റിൽ.
പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അധിഷേപിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്ത പൊലീസ് ശ്രീകണ്ഠനെ അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിനാണ് സംഭവം നടന്നത്. പഞ്ചായത്തിലെ സെക്രട്ടറിയുടെ ക്യാബിനിൽ ജീവനക്കാരുടെ യോഗം നടന്നുകൊണ്ടിരിക്കെ ശ്രീകണ്ഠൻ ഓഫീസിനകത്തേക്ക് തള്ളിക്കയറി സെക്രട്ടറിയെ അധിക്ഷേപിക്കുകയായിരുന്നു.
വെള്ളനാട് പൊതുശ്‌മശാനത്തിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം രൂപ മുൻകൂറായി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമില്ലാതെ സാധ്യമല്ലെന്ന് സെക്രട്ടറി നിലപാടെടുത്തിരുന്നു. ഇതിൽ പ്രകോപിതനായാണ് ശ്രീകണ്ഠൻ മറ്റ് ജീവനക്കാർ നോക്കിനിൽക്കെ സിന്ധുവിനോട് കയർത്ത് സംസാരിച്ചതും പിന്നാലെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്.
സംഭവത്തിൽ സിന്ധു ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു. കാട്ടാക്കട ഡി. വൈ. എസ്. പിയാണ് കേസ് അന്വഷിച്ചത്. നെടുമങ്ങാട് പട്ടിക ജാതി, പട്ടിക വർഗ കോടതിയിൽ ഹാജരാക്കിയ ശ്രീകണ്ഠന് കോടതി ഈ മാസം 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് 16ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.