കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സർക്കാറിനും പ്രതിപക്ഷത്തിനും എതിരെ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. കിറ്റും ക്ഷേമ പെൻഷനുമാണ് ഒന്നാം പിണറായി സർക്കാറിനെ ജയിപ്പിച്ചതെങ്കിൽ നിലവിൽ പെൻഷൻ പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാറിനെതിരെ ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാറിന്‍റെ നേട്ടം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ആളുകളുടെ മുഖത്ത് നോക്കി ചീത്ത പറയുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാന്യതയോടെയും മര്യാദയോടെയുമാണ് പ്രവർത്തിച്ചിരുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിക്ക് കർത്തായുടെ കരിമണൽ കമ്പനിയുമായി ബന്ധമുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. കർത്തായുമായി തനിക്ക് നേരത്തെ പരിചയമുണ്ട്. വീണയുടെ കമ്പനിയുമായി ചില ഇടപാടുകളും സഹായങ്ങളും ഉണ്ടെന്ന് 10 വർഷം മുമ്പ് കർത്ത പറഞ്ഞിട്ടുണ്ട്.
കമ്പ്യൂട്ടർ സേവനത്തിന് പ്രതിഫലം കൊടുക്കുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്. വീണ മാസപ്പടി കൈപ്പറ്റിയോ, ഇടപാട് നിയമപരമോ നിയമവിരുദ്ധമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ തെളിയിക്കട്ടെ എന്നും വെള്ളാപ്പള്ളി ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.