dr ts shyamkumar 876786

ഡോ. ടി.എസ്. ശ്യാംകുമാർ

ഡോ. ടി.എസ്. ശ്യാംകുമാറിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; സംഭവം സനാതനധർമത്തെ കുറിച്ച് സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ

കന്യാകുമാരി: ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്​കാരിക പ്രവർത്തകനുമായ ഡോ. ടി.എസ്. ശ്യാംകുമാറിന് നേരെ തമിഴ്നാട് കന്യാകുമാരിക്ക് സമീപം കുഴിത്തുറയിൽ ഹിന്ദുത്വവാദികളുടെ ആക്രമണം. സനാതനധർമത്തെ കുറിച്ച് സി.പി. എം സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഇറങ്ങവെയാണ് ആക്രമണമുണ്ടായതെന്ന് ഡോ. ടി.എസ്. ശ്യാംകുമാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

സനാതനധർമത്തെ കുറിച്ചുള്ള സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികൾ റോഡിൽ തടയുകയും ഡോ. ശ്യാംകുമാറിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയിൽ ഹിന്ദുത്വർ സി.പി.എം നേതാക്കളെ ആക്രമിച്ചുവെന്നും പ്രദേശത്ത് സംഘർഷം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. 

നേരത്തെ, 'മാധ്യമ'ത്തിൽ രാമായണത്തെ കുറിച്ച് ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ ലേഖനപരമ്പര ഹിന്ദുവിരുദ്ധമെന്നാക്ഷേപിച്ച് വ്യാപക സൈബർ ആക്രമണമുണ്ടായിരുന്നു. കർക്കിടക മാസം ആരംഭിച്ചതോടെ മാധ്യമം ദിനപത്രത്തിൽ ഖണ്ഡശ്ശ അച്ചടിച്ച് വന്നുകൊണ്ടിരുന്ന ലേഖനത്തെ എടുത്ത് കാണിച്ചുകൊണ്ട് ഹിന്ദുക്കളെയും, ആരാധനാമൂർത്തിയായ രാമനെയും അവഹേളിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് ഹിന്ദുത്വവാദികളുടെ പ്രചാരണം.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതിന് ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളും ഭീഷണിയുമാണ് അടുത്തിടെയുണ്ടായത്. വധഭീഷണിയെതുടർന്ന് ഡോ. ശ്യാംകുമാർ സംസ്ഥാന പട്ടികജാതി കമീഷനും വീയപുരം പൊലീസിലും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കമീഷൻ ഇടപെടുകയും ഡി.ജി.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ആലപ്പുഴ വീയപുരം സ്വദേശിയാണ് ഡോ. ശ്യാംകുമാർ.

Tags:    
News Summary - Hindutva activists attack Dr TS Shyamkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.