കോഴിക്കോട്: സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് കൊക്കയിൽ തള്ളി. കുറ്റിക്കാട്ടൂരിൽ താമസിക്കുന്ന സൈനബയാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം താനൂർ കുന്നുംപുറം പള്ളിവീട്ടിൽ സമദിനെ (52) കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സമദിന്റെ ഡ്രൈവറായിരുന്ന സുലൈമാനുവേണ്ടി അന്വേഷണം ഊർജിതമാക്കി. കാണാതായ സൈനബയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച സമദ് അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പിന്നാലെ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാടുകാണി ചുരത്തിലെ പോപ്സൺ എസ്റ്റേറ്റിനു മുന്നിലെ താഴ്ചയിൽനിന്ന് സൈനബയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പൊലീസ് പറയുന്നത്: നവംബർ ഏഴിന് ഉച്ചക്ക് ഒന്നരയോടെ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനടുത്തുനിന്നാണ് സൈനബയെ പ്രലോഭിപ്പിച്ച് ഇരുവരും കാറിൽ കയറ്റി കൊണ്ടുപോയത്. സൈനബയും സമദും നേരത്തേ പരിചയമുള്ളവരാണ്. പെട്ടെന്ന് പണമുണ്ടാക്കാൻ വഴി ആലോചിച്ചപ്പോഴാണ് നിറയെ സ്വർണാഭരണങ്ങൾ ധരിക്കുന്ന സൈനബയെ കെണിയിലാക്കിയത്.
നവംബർ ആറിന് സമദ് സുലൈമാനെ തിരൂരിലേക്ക് വിളിച്ചുവരുത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴിന് രാവിലെ ഇരുവരും സമദിന്റെ പരിചയക്കാരന്റെ കാർ വാടകക്കെടുത്ത് കോഴിക്കോട്ടെത്തി. യാത്രക്കിടെ സമദ് സൈനബയെ ഫോണിൽ വിളിച്ച് താനൂരിൽ ഒരാളെ കാണാൻ പോകാൻ കൂടെ വരണമെന്നാവശ്യപ്പെട്ടു. മുൻപരിചയമുള്ളതിനാൽ സൈനബ സമ്മതിക്കുകയും വീട്ടിൽനിന്ന് കോഴിക്കോട്ടെത്തി ഇവർക്കൊപ്പം കാറിൽ കയറുകയും ചെയ്തു. ഈ സമയം സൈനബ 15 പവന്റെ സ്വർണാഭരണങ്ങൾ ധരിക്കുകയും കൈയിലുള്ള ബാഗിൽ മൂന്നു ലക്ഷത്തോളം രൂപ സൂക്ഷിക്കുകയും ചെയ്തിരുന്നു. മൂവരും കാറിൽ കുന്നുംപുറത്തെത്തുകയും സമദ് വീട്ടിൽ പോയി തിരിച്ചുവരുകയും ചെയ്തു. താനൂരിലുള്ള ആളെ ഇപ്പോൾ കാണാൻ പോകേണ്ടെന്നും സൈനബയെ തിരിച്ച് കോഴിക്കോട്ടാക്കാമെന്നും പറഞ്ഞ് മടങ്ങി. കാർ അരീക്കോട് വഴി വരുന്നതിനിടെ അഞ്ചരയോടെ മുക്കത്തിനടുത്തെത്തിയപ്പോൾ സൈനബ ധരിച്ച ഷാൾ സമദ് അവരുടെ കഴുത്തിൽ മുറുക്കി. ഷാളിന്റെ ഒരുതല കാറോടിച്ചിരുന്ന സുലൈമാൻ വലിച്ചുപിടിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം സൈനബ ശ്വാസംമുട്ടി മരിച്ചു. ഇതോടെ കാർ വഴിക്കടവ് ഭാഗത്തേക്ക് തിരിച്ചുവിട്ടു. യാത്രക്കിടെ സൈനബയുടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫാക്കുകയും ശരീരത്തിലെ ആഭരണവും ബാഗിലെ പണവും കൈക്കലാക്കുകയും ചെയ്തു. രാത്രി എട്ടോടെ കാർ നാടുകാണി ചുരത്തിലെത്തിക്കുകയും ഇരുവരും ചേർന്ന് സൈനബയുടെ മൃതദേഹം താഴ്ചയിലേക്ക് എടുത്തെറിയുകയുമായിരുന്നു. തുടർന്ന് സംഘം സുലൈമാന്റെ ഗൂഡല്ലൂരിലെ താമസസ്ഥലത്തെത്തി. വസ്ത്രത്തിലെ രക്തം കഴുകി വൃത്തിയാക്കുകയും പുതിയ വസ്ത്രം വാങ്ങി ധരിച്ച് അവിടെ താമസിക്കുകയും ചെയ്തു. അടുത്ത ദിവസം സൈനബയുടെ പണം ഇരുവരും വീതംവെക്കുകയും ആഭരണം മുഴുവൻ സമദ് സൂക്ഷിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി സൈനബയുടെ മൊബൈൽ ഫോണും ബാഗും രക്തംപുരണ്ട സമദിന്റെ വസ്ത്രവും കത്തിക്കാൻ സുലൈമാൻ പുറത്തുപോയി. പിന്നീട് സുലൈമാനും കൂട്ടാളികളും തിരിച്ചുവന്ന് പണവും സ്വർണാഭരണവും കൈക്കലാക്കി കടന്നുകളഞ്ഞെന്നാണ് അറസ്റ്റിലായ സമദിന്റെ മൊഴി.
മൃതദേഹം തള്ളിയത് നാടുകാണി ചുരത്തിൽ
നിലമ്പൂർ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി വടക്കേരിപൊയിൽ സൈനബയുടെ മൃതദേഹം തള്ളിയത് നാടുകാണി ചുരത്തിൽ 40 മീറ്ററോളം താഴ്ചയിലേക്ക്. കേരള-തമിഴ്നാട് അതിർത്തിയുടെ അര കിലോമീറ്ററകലെ പോപ്സൺ എസ്റ്റേറ്റിന് എതിർവശം തമിഴ്നാടിന്റെ ഗണപതിക്കല്ല് വനമേഖലയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽനിന്ന് പുറത്തെടുത്ത് മൃതദേഹം ഉടുവസ്ത്രത്തോടെ കൊക്കയിലേക്ക് തള്ളുകയായിരുന്നു. താനും ഒളിവിൽ കഴിയുന്ന കൂട്ടുപ്രതി തമിഴ്നാട് സ്വദേശി സുലൈമാനും ചേർന്ന് റോഡിൽനിന്ന് തന്നെ മൃതദേഹം വലിച്ചെറിയുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി.
മൃതദേഹം കിടന്ന ഭാഗത്ത് കുറ്റിക്കാട് കുറവാണെങ്കിലും ചെങ്കുത്തായ വനപ്രദേശമായതിനാൽ റോഡിൽനിന്ന് നോക്കിയാൽ എളുപ്പം കാണാൻ കഴിയില്ല. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് മൃതദേഹം തള്ളിയത്. കോഴിക്കോട് ടൗൺ അസി. കമീഷണർ ബിജുരാജ്, കസബ ഇൻസ്പെക്ടർ കൈലാസ് നാഥ് എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയത്. വിവരമറിഞ്ഞ് തമിഴ്നാട് പൊലീസും സ്ഥലത്തെത്തി. ഒരാഴ്ചത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചിരുന്നു. അഗ്നിരക്ഷ സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. ചുരത്തിലെത്തിയ സൈനബയുടെ മകൻ മുസ്തഫയും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഉച്ചക്ക് ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.