വെഞ്ഞാറമൂട്: അഞ്ചുപേരുടെ കൂട്ടക്കൊല നടന്ന വെഞ്ഞാറമൂട് സംഭവത്തിലെ പ്രതി അഫാന്, അവസാനവട്ട ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയിലേക്ക്. അഫാന്റെ അനുജന് അഹ്സാന്, പെണ് സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലും മാതാവ് ഷെമിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ക്രൂരമായി അക്രമിച്ചതുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണത്തിനാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇതിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അഫാനെ ശനിയാഴ്ച തന്നെ വിട്ടുകിട്ടാന്‍ അന്വേഷണോദ്യോഗസ്ഥനായ വെഞ്ഞാറമൂട് എസ്.എച്ച്.ഒ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്ന കോടതി മിക്കവാറും പൊലീസ് കസ്റ്റഡിയില്‍ വിട്ടുനൽകാനാണ് സാധ്യത. തുടര്‍ന്ന്, തെളിവെടുപ്പ് ചൊവ്വാഴ്ചയാകും നടക്കുക.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ചോദ്യം ചെയ്യലും തെളിവെടുപ്പുമായതിനാല് വളരെ കരുതലോടെയാണ് പൊലീസിന്റെ നീക്കം. അഫാന് ഇത്രയുംപേരെ കൊലപ്പെടുത്താന്‍ കാരണം കടബാധ്യതയാണെന്നാണ് പൊലീസിനോട് പറയുന്നത്.
ഇതില്‍ എത്രമാത്രം സത്യമുണ്ട്, കടം എത്രത്തോളമുണ്ട്, ഇത് മാത്രമാണോ കൂട്ടക്കൊലകൾക്ക് കാരണം, കൃത്യം നടത്തുന്നതിനോ ശേഷമോ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. സ്വാഭാവികമായും അഫാനുമായോ കുടുംബവുമായോ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നവരിലേക്കും അന്വേഷണം നീളും. തെളിവെടുപ്പിന് നേരത്തെ എത്തിച്ചയിടങ്ങളില് വീണ്ടും കൊണ്ടുപോകുന്നതിന് പുറമെ, ഫര്‍സാനയെ വീട്ടില്‍ നിന്ന് വരുന്നവഴി സ്വന്തം വീട്ടിലെത്തിക്കുന്നതിന് ബൈക്കില്‍ കയറ്റിയ തണ്ട്രാംപൊയ്കയിലുമെത്തിച്ച് തെളിവെടുക്കും.
നേരത്തേ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാങ്ങോട് പൊലീസും പിതൃസഹോദരന് അബ്ദുല്‍ ലത്തീഫ്, ഭാര്യ ഷാഹിദാ ബീവി എന്നിവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ ചുമതലയുണ്ടായിരുന്ന കിളിമാനൂര്‍ എസ്.എച്ച്.ഒ എന്നിവരും അഫാനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. വെഞ്ഞാറമൂട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ കഴിയുന്നതോടെ, കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളിലേക്കാകും പൊലീസ് കടക്കുക. ഇതിന്റെ ഭാഗമായി വിഷം ഉള്ളില്‍ചെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ കഴിയവെ, മജിസ്ട്രേറ്റിന് നല്കിയ മൊഴി, പാങ്ങോട് പൊലീസിനും കിളിമാനൂര്‍ പൊലീസിനും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
അഫാനുമായോ, മാതാവുമായോ പണമിടപാട് നടത്തിയിട്ടുള്ളവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതിനനുസരിച്ച് പിതാവ് റഹിമിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കിയ ശേഷം എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.