മലപ്പുറം: ഭരണകൂട വേട്ടയാടലിന്റെ ഇരയാക്കപ്പെട്ട് അന്യായമായി ജയിലിലടക്കപ്പെട്ട മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അറസ്റ്റ് നടന്ന സമയത്ത് അദ്ദേഹത്തിന്റെ വസതി സന്ദർശിച്ച് നിയമ സഹായം ഉറപ്പുകൊടുത്തിരുന്നു. കേസിൽ ഇടപെട്ട ഡൽഹിയിലെ പത്രപ്രവർത്തകരുമായും അഭിഭാഷകരുമായും ബന്ധപ്പെട്ട് പിന്തുണ അറിയിച്ചിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാപ്പന്റെ ജാമ്യം; മറ്റു കേസുകളിലും സമാന വിധിയുണ്ടാവട്ടെ -യെച്ചൂരി
ന്യൂഡൽഹി: നീണ്ടകാലം കാപ്പൻ ജയിലിൽ കിടന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി ഉറപ്പുവരുത്തണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അതിന് വലിയ പ്രാധാന്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു മറ്റു കേസുകളിലും സമാന വിധി ഉണ്ടാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
വൈകിയെങ്കിലും സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഒരു യുക്തിയുമില്ലാത്ത സത്യവാങ്മൂലങ്ങൾ നൽകി യു.പി സർക്കാർ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതി അതിന് വഴങ്ങിയില്ല. ഇനിയും ഒരുപാട് സിദ്ദീഖ് കാപ്പന്മാർ തങ്ങൾ ചെയ്ത കുറ്റം എന്തെന്നുപോലുമറിയാതെ ജയിലറകളിലുണ്ട്. അവർക്കായും ഇനിയുമുറക്കെ ശബ്ദമുയർത്തേണ്ടതുണ്ടെന്നും ഇ.ടി പറഞ്ഞു.
ഇരക്ക് നീതി ആവശ്യമാണെന്ന് കാണിക്കുന്നതും പൊതുവായ ശബ്ദം ഉയർത്താൻ ശ്രമിക്കുന്നതും നിയമത്തിന്റെ മുന്നിൽ കുറ്റകൃത്യമാകുമോ എന്ന് കാപ്പന് ജാമ്യം ലഭിച്ച വാർത്ത ട്വിറ്ററിൽ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ചോദിച്ചു. ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.
പ്രതീക്ഷ നൽകുന്ന വിധി -സാദിഖലി തങ്ങൾ
മലപ്പുറം: ഭരണകൂട വേട്ടയുടെ ഇരയായി ജയിലില്‍ കഴിയുന്ന ആയിരങ്ങൾക്ക് പ്രതീക്ഷ നല്‍കുന്നതാണ് സിദ്ദീഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീംകോടതി വിധിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ജാമ്യം ലഭിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു കാപ്പന്റെ അറസ്റ്റും ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തുടർ നടപടികളും. പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു രണ്ടുവര്‍ഷം കാപ്പന് അനുഭവിച്ചത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുസ്ലിംലീഗ് കാപ്പന്റെ കുടുംബത്തോടൊപ്പം നിന്നു. കാപ്പന്റെ പോരാട്ടം വിജയത്തിലെത്താൻ പ്രാർഥിക്കുന്നതായും തങ്ങൾ പറഞ്ഞു.
സുപ്രീംകോടതി വിധി സ്വാഗതാർഹം -ഐക്യദാർഢ്യ സമിതി
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യമനുവദിച്ചത് സ്വാഗതാർഹമാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ചെയർമാൻ എൻ.പി. ചെക്കുട്ടിയും ജനറൽ കൺവീനർ കെ.പി.ഒ. റഹ്മത്തുല്ലയും പറഞ്ഞു.
പരമോന്നത നീതിപീഠം നിരപരാധിയായ മാധ്യമ പ്രവർത്തകന്റെ വാദങ്ങൾ അംഗീകരിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നീതിക്കായി ഉയർത്തുന്ന ശബ്ദങ്ങൾ കോടതികൾ പരിഗണിക്കുന്നതിന്റെ സൂചന കൂടിയാണിത്. ഭരണകൂടങ്ങൾ ഉയർത്തിയ വിതണ്ഡ വാദങ്ങൾ നിരാകരിച്ച കോടതി, പൗരാവകാശത്തിന്റെ ഔന്നത്യവും മഹത്വവും ഉയർത്തിപ്പിടിച്ചു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കാനുള്ള മനസ്സും നിശ്ചയദാർഢ്യവും കോടതിക്കുണ്ടെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു -പ്രസ്താവനയിൽ പറഞ്ഞു.
നീതിന്യായ സംവിധാനത്തിൽ നേരിയ പ്രതീക്ഷ -വെൽഫെയർ പാർട്ടി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത് ആശ്വാസകരമായ വാർത്തയാണെന്നും നീതിന്യായ സംവിധാനത്തിൽ ഇപ്പോഴും നേരിയ പ്രതീക്ഷ നിലനിൽക്കുന്നുവെന്നതിന്റെ സൂചനയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. നിയമ പോരാട്ടത്തിന്റെയും ശക്തമായ ജനകീയ ഇടപടലുകളുടെയും ഫലമായാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. യു.പിയിലെ സംഘ്പരിവാർ ഭരണകൂടത്തിന് അന്യായമായി അറസ്റ്റ് ചെയ്യാനോ കള്ളക്കേസെടുക്കാനോ യാതൊരു മടിയുമില്ല. നീതിന്യായ സംവിധാനത്തിലെ പഴുതുകളും യു.എ.പി.എ പോലെയുള്ള ഭീകര നിയമങ്ങളും ഉപയോഗിച്ച് കാലങ്ങളോളം ഏത് നിരപരാധിയെ വേണമെങ്കിലും ജയിലലടയ്ക്കാനാകുമെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. വിചാരണക്കോടതിയും ഹൈകോടതിയും നിഷേധിച്ച ജാമ്യമാണ് ഇപ്പോൾ സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഖാലിദ് സൈഫി, ആനന്ദ തെൽതുംബ്ഡെ, ഹാനി ബാബു, രോണാ വിത്സൻ, റഊഫ് ശരീഫ് തുടങ്ങിയ വിചാരണ തടവുകാരുടെ മോചനത്തിന് ജനകീയ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി സ്വാഗതാർഹം -കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: രണ്ടുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം മുൻ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരവുമാണെന്ന് കേരള യൂനിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ). സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ചെയ്യുകയെന്ന മാധ്യമപ്രവർത്തകന്റെ കൃത്യനിർവഹണത്തിനിടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്.
ഹേബിയസ് കോർപ്പസ് ഹരജിയുമായി പത്രപ്രവർത്തക യൂനിയൻ സുപ്രീംകോടതിയെ സമീപിച്ചതുമുതൽ പലതരത്തിലും കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനും യു.പി സർക്കാറും പൊലീസും ശ്രമിച്ചിരുന്നു. നീതിക്കായുള്ള പോരാട്ടത്തിൽ ഉറച്ചുനിന്ന പത്രപ്രവർത്തക യൂനിയനും ഭാരവാഹികൾക്കുമെതിരെ വ്യാജ പരാതികളും ആക്ഷേപങ്ങളും ചിലർ ഉയർത്തി. എല്ലാത്തിനെയും അതിജീവിച്ചാണ് നിയമപോരാട്ടവുമായി മുന്നോട്ടുപോയത്. ഈ പോരാട്ടത്തിന്റെ ആകെത്തുകയാണ് സിദ്ദീഖിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധി. കാപ്പന്റെ നിരപരാധിത്വം തെളിയിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനുമുള്ള പോരാട്ടം തുടരുമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.