തിരുവനന്തപുരം: കേരളത്തെയും മലയാളികളെയും വാഴ്ത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ദൈവത്തിന്റെ സ്വന്തം നാടായ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിന്റെ സമ്പന്നമായ നവോത്ഥാന, സാംസ്കാരിക പാരമ്പര്യത്തെ അടവരയിട്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ചാവറ ഏലിയാസ് കുര്യാക്കോസ് പിതാവ്, വക്കം അബ്ദുൽ ഖാദർ മൗലവി തുടങ്ങി തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമയുടെയടക്കം ജനക്ഷേമനടപടികൾ അദ്ദേഹം എടുത്തുപറഞ്ഞു.
ബാലറ്റ് പേപ്പറിലൂടെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലെത്തിച്ച് ആഗോളകീർത്തി നേടിയ ഇ.എം.എസിനെയും ആ സർക്കാർ ഭരണഘടനാവ്യവസ്ഥയുടെ ദുരുപയോഗത്തിന് ഇരയായതും വിവരിച്ചു. ‘രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ ഈ മണ്ണിന്റെ പുത്രനാണ്. മണ്ണിന്റെ പുത്രനല്ലെങ്കിലും മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ സേവനത്തിനും കടപ്പെട്ടിരിക്കുന്നത് കേരളമാണ്.
മമ്മൂട്ടി, മോഹൻലാൽ, എം.എ. യൂസുഫലി, യേശുദാസ്, പി.ടി. ഉഷ, ഡോ. വർഗീസ് കുര്യൻ, ഇ. ശ്രീധരൻ, ജസ്റ്റിസ് എം. ഫാത്തിമാ ബീവി, മാനുവൽ ഫെഡറിക്, അഞ്ജു ബോബി ജോർജ്, കെ.എസ്. ചിത്ര എന്നിവരെയെല്ലാം പേരെടുത്ത് പറഞ്ഞ ഉപരാഷ്ട്രപതി മലയാളികളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണമനോഭാവത്തിന്റെയും ഗുണഭോക്താവാണ് താനെന്നും വ്യക്തമാക്കി. അതിനുദാഹരണമാണ് സൈനിക സ്കൂളിൽ തനിക്ക് കിട്ടിയ മലയാളി അധ്യാപികയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
പുരോഗമന ജനാധിപത്യത്തിലേക്കുള്ള നിയമനിർമാണത്തിൽ മഹത്തായ പാരമ്പര്യമാണ് കേരള നിയമസഭക്കുള്ളത്. കേരളീയ സമൂഹത്തിന്റെ പരിണാമത്തിന് കാരണമായ നിരവധി നിയമനിർമാണങ്ങളുടെ നാഡീകേന്ദ്രമായി മാറാൻ നിയമസഭക്ക് കഴിഞ്ഞിട്ടുണ്ട്. നർമം നിറയുന്ന ഉദാത്ത ചർച്ചകൾ ഇക്കാലത്ത് സഭകളിൽനിന്ന് അപ്രത്യക്ഷമായതിനെ ഗൗരവത്തോടെ കാണണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
മലയാളത്തിൽ സംസാരിച്ച് ഗവർണർ
തിരുവനന്തപുരം: നിയമസഭമന്ദിര സിൽവർ ജൂബിലി ആഘോഷ വേദിയിൽ മലയാളത്തിൽ സംസാരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘‘രാജ്യത്തെ തന്നെ ഏറ്റവും മനോഹരവും പ്രൗഢവുമായ നിയമസഭ മന്ദിരങ്ങളിലൊന്നാണ് കേരള നിയമസഭ മന്ദിരം’’എന്ന ആമുഖത്തോടെയായിരുന്നു ഗവർണറുടെ മലയാളത്തുടക്കം. നിയമസഭ മന്ദിരത്തിന്റെ ചരിത്രം നിയമനിർമാണത്തിന്റെ കൂടി ചരിത്രമാണെന്നും അതിലൂടെ ആധുനിക കേരള നിർമിതിയുടെ ചരിത്രമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രതീക്ഷയും അഭിലാഷങ്ങളും ആശങ്കയും പ്രതിഷേധവുമെല്ലാം പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. രാജ്യത്തെ പുരോഗമനപരമായ പല നിയമനിർമാണങ്ങൾക്കും കേരള നിയമസഭ വേദിയായിട്ടുണ്ട്. ഈ നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗത്തും ജനജീവിതത്തിലും വലിയ ചലനമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്, അൽപനേരം ഇംഗ്ലീഷിലും പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.