തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളജിൽ വിദ്യാർഥിനികൾക്ക് അധ്യാപകൻ അനാവശ്യ സന്ദേശങ്ങൾ അയക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തെന്നത് ശരിവെക്കുന്ന കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റുടെ റിപ്പോർട്ട് തുടർനടപടിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ ടി. അഭിലാഷിനെതിരെയാണ് റിപ്പോർട്ട്. ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ സഹിതമാണ് സർക്കാറിന് സമർപ്പിച്ചതെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
വിദ്യാർഥിനികൾ പലതവണ വിലക്കിയിട്ടും അനാവശ്യമായി സന്ദേശമയച്ചതും പാഠ്യേതര പ്രവർത്തനങ്ങൾ സംസാരിച്ച് കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തിയതുമാണ് പരാതിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിലാഷിനെ കോളജിൽ നിലനിർത്തി പരാതിക്കാരായ വിദ്യാർഥിനികളുമായി വീണ്ടും ഇടപഴകാൻ സാഹചര്യമുണ്ടായെന്നും ഇത് അവർക്ക് സ്വാഭാവിക നീതി ലഭിക്കുന്നതിന് തടസ്സമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര പരാതി സമിതിയുടെ കണ്ടെത്തലിനെ തുടർന്ന് പരാതിക്കാർക്കെതിരെ നടപടിയെടുത്തത് വിവേചനത്തിനിടയാക്കി. പലർക്കും പ്രാക്ടിക്കൽ ലാബുകൾ ഉൾപ്പെടെ ക്ലാസുകൾ നഷ്ടമാകുന്ന സാഹചര്യമുണ്ടായി-റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.