കോഴിക്കോട്: അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയിൽ യുവ സംവിധായികയുടെ സിനിമ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധിച്ച യുവ സംവിധായികയെ പിന്തുണച്ച് സംവിധായിക വിധു വിൻസന്‍റ് ഞായറാഴ്ച മേളയിൽ പ്രദർശിപ്പിക്കാനിരുന്ന സിനിമ പിൻവലിച്ചു.
വനിത ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളെ തുടർന്ന് തന്റെ ചിത്രം വനിത ഫെസ്റ്റിവലിൽനിന്ന് പിൻവലിക്കുകയാണെന്ന് വിധു വിൻസന്‍റ് അറിയിച്ചു. വനിത സംവിധായികയെ അറസ്റ്റ് ചെയ്തുനീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികൾ പ്രതിഷേധിക്കുന്നവരുടെ നേരെയുള്ള ഫാഷിസ്റ്റ് നടപടിയാണെന്നും വ്യക്തമാക്കി.
നടൻ ഹരീഷ് പേരടിയും ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചു. കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ തുപ്പലുകൾ മാത്രം മതിയെന്ന് മുൻകൂട്ടി നിശ്ചയിച്ചവർ വനിത ചലച്ചിത്ര മേളയിൽ അസംഘടിതർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ലെന്നും സംവിധായികയെ തൂക്കിയെടുത്ത് കടക്കുപുറത്തെന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചിരിക്കുകയാണെന്നും ഹരീഷ് പേരടി കുറിച്ചു. സഹപ്രവർത്തകയെ പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോകുന്നത് കണ്ട് വേദന തോന്നിയെന്നും വനിത ചലച്ചിത്രമേളയിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മാനദണ്ഡം പ്രഖ്യാപിക്കണമെന്നും സംവിധായിക രത്തീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.