കാലടി: വ്യാജ രേഖയുണ്ടാക്കി ഗെസ്റ്റ് െലക്ചറർ നിയമനം നേടിയ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം നേടിയത് സർവകലാശാല ചട്ടം മറികടന്ന്.പ്രവേശനം പൂർത്തിയായശേഷം അധിക സീറ്റ് സൃഷ്ടിച്ച് പട്ടികജാതി-പട്ടികവർഗ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് പ്രവേശനമെന്ന് സർവകലാശാലയിലെ എസ്.സി-എസ്.ടി സെൽ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ഇത് വകവെക്കാതെ രാഷ്ട്രീയ ഇടപെടലിനൊടുവിൽ വൈസ് ചാൻസലറുടെ ഓഫിസ് ഇടപെട്ട് വിദ്യക്ക് പ്രവേശനം ഉറപ്പിക്കുകയായിരുന്നു.പിഎച്ച്.ഡിക്കായി മലയാളം വിഭാഗത്തിൽ 10 സീറ്റാണ് വിജ്ഞാപനം ചെയ്തത്. പ്രവേശന പരീക്ഷയും പ്രപ്പോസൽ അവതരണവും കഴിഞ്ഞ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വിദ്യയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് സൂപ്പർ ന്യൂമററിയായി അഞ്ചുപേരെക്കൂടി എടുക്കാൻ റിസർച് കമ്മിറ്റി തീരുമാനിച്ചു. ഇത് സർവകലാശാല അംഗീകരിച്ചില്ല.
പട്ടിക സംബന്ധിച്ച് വിശദീകരണം ചോദിക്കുകയും ചെയ്തു. വിജ്ഞാപനം ചെയ്ത സീറ്റിന് പുറമെ പ്രപ്പോസലുകൾ വന്നാൽ വിദ്യാർഥിക്ക് ജൂനിയർ റിസർച് ഫെലോഷിപ്പുണ്ടെങ്കിൽ അവരെ സൂപ്പർ ന്യൂമററിയായി എടുക്കാൻ അധ്യാപകന് അധികാരമുണ്ടെന്നായിരുന്നു വകുപ്പിന്റെ മറുപടി. ഇതേതുടർന്ന് ആദ്യം തെരഞ്ഞെടുത്ത 10 പേർക്കും സൂപ്പർ ന്യൂമററിയായി പരിഗണിച്ച മൂന്നുപേർക്കും പ്രവേശനം നൽകാൻ തീരുമാനിച്ചു.
ഇതിലുൾപ്പെടാതെ വന്നപ്പോൾ വിദ്യ വിവരാവകാശപ്രകാരം സർവകലാശാലയോട് പ്രവേശനത്തിന്റെ വിശദാംശങ്ങൾ തേടി. വൈസ് ചാൻസലറുടെ ഓഫിസ് ഇടപെട്ടതോടെ വിദ്യക്ക് അന്നുതന്നെ വിശദാംശങ്ങൾ ലഭ്യമാക്കി. വിദ്യയെക്കാൾ മുമ്പേ വിവരാവകാശ അപേക്ഷ നൽകിയിരുന്ന കെ. ദിനുവിന് അനുവദിക്കാതെയായിരുന്നു ഇത്. വിദ്യക്ക് നൽകിയശേഷം മാത്രം ദിനുവിന് വിശദാംശങ്ങൾ നൽകുകയായിരുന്നു സർവകലാശാല.
തുടർന്ന്, വിദ്യ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് പ്രവേശനം നൽകുന്നത് നിയമപരമായി പരിഗണിക്കാൻ വിധിച്ചു. കോടതിവിധിയുമായി വിദ്യയെത്തിയപ്പോൾ സെക്ഷൻ ഓഫിസർ നിയമതടസ്സം സൂചിപ്പിച്ച് മടക്കി. തുടർന്നായിരുന്നു രാഷ്ട്രീയ ഇടപെടൽ. അഞ്ച് വിദ്യാർഥികളെ എടുത്താൽ ഒരു എസ്.സി-എസ്.ടി വിദ്യാർഥിയെ പരിഗണിക്കണമെന്നാണ് നിയമം. ആദ്യത്തെ 10 പേരിൽ സംവരണം പാലിച്ചു. അവസാനത്തെ അഞ്ചുപേരിൽ അട്ടിമറിക്കപ്പെടുന്നതിലാണ് വിദ്യയുടെ പ്രവേശനത്തിലൂടെ സംഭവിച്ചത്.
അഞ്ചുപേരിൽ ഒരു എസ്.സി-എസ്.ടി വിദ്യാർഥിയെ പരിഗണിച്ചാൽ 15ാം റാങ്കിലുണ്ടായിരുന്ന വിദ്യ പുറത്താകുമെന്നതിനാലായിരുന്നു അട്ടിമറി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദിനു സർവകലാശാലയിലെ എസ്.സി-എസ്.ടി സെല്ലിന് പരാതി നൽകിയതോടെയാണ് അന്വേഷണം നടത്തി സംവരണം അട്ടിമറിച്ചെന്ന് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.