വിജിലൻസ് അന്വേഷണം: വമ്പന്മാരുടെ പട്ടിക നീളും

തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം. എബ്രഹാമിന്‍െറയും ടോം ജോസിന്‍െറയും വീടുകളില്‍ നടന്ന പരിശോധനയോടെ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ കൈവശമുള്ള വമ്പന്മാരുടെ പട്ടിക അവസാനിക്കുന്നില്ളെന്ന് സൂചന. ഐ.എ.എസ്, ഐ.പി.എസ് ഉന്നതരില്‍ പലര്‍ക്കെതിരെയും വിജിലന്‍സിന് ഒരു ഡസനിലധികം പരാതികളാണ് ലഭിച്ചത്. ഇവര്‍ക്കെതിരെ അന്വേഷണം കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തതായാണ് വിവരം. നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിക്കാത്ത പക്ഷം പിന്തുണയുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതോടെ, ജേക്കബ് തോമസിനെതിരെ ഐ.എ.എസ് ഉന്നതര്‍ നടത്തുന്ന നീക്കം സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ജേക്കബ് തോമസിനെ നിയമക്കുരുക്കില്‍ തളച്ച് പ്രശ്നപരിഹാരം കാണാനുള്ള നീക്കങ്ങളും തകൃതിയാണ്. വിജിലന്‍സ് ഡയറക്ടറായി അധികാരമേറ്റ ആദ്യനാളില്‍ത്തന്നെ ഐ.എ.എസ് ഉന്നതര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ പ്രോസിക്യൂഷന്‍ ആരംഭിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെയായിരുന്നു ആദ്യ നടപടി. തുടര്‍ന്ന് മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് ചരിത്രത്തില്‍ ആദ്യമായി ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു (ട്രാപ് കേസ് അല്ലാതെ). മലബാര്‍ സിമന്‍റ്സ് എം.ഡി പത്മകുമാറായിരുന്നു അറസ്റ്റിലായത്.  

ജിഷ വധക്കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണകുമാറിനെതിരെയായി അടുത്ത അന്വേഷണം. സൈബര്‍ കൊക്കൂണ്‍ സെമിനാറിലെ ധൂര്‍ത്തുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാം, സ്റ്റുഡന്‍റ് പൊലീസ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് ഡി.ഐ.ജി പി. വിജയന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നീണ്ടു.

ആദിവാസി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉന്നതര്‍ പലരും നിരീക്ഷണത്തിലാണ്. ബാര്‍ കോഴക്കേസ് അട്ടിമറിച്ച കേസില്‍ ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡിക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഐ.പി.എസ് ഉന്നതര്‍ക്കെതിരായ നീക്കം ശക്തമാക്കി. തുടര്‍ന്ന് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി, ടോം ജോസ് എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ പട്ടിക തുടരുമെന്നാണ് സൂചന.

Tags:    
News Summary - vigilance case against ias ips officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.