ഉന്നതര്‍ക്കെതിരായ കേസുകള്‍ ത്വരിതപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം

തിരുവനന്തപുരം: മന്ത്രിമാരും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. മന്ത്രിമാര്‍ക്കെതിരായ പരാതികളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജേക്കബ് തോമസ് നിര്‍ദേശിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരായ കേസില്‍ അന്വേഷണം വൈകിയതുമായി ബന്ധപ്പെട്ട് കോടതിവിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പ്രത്യേകയോഗത്തിലായിരുന്നു നിര്‍ദേശം.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഫോണിലൂടെ നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. അതേസമയം, ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ അന്വേഷണം ത്വരിതപ്പെടുത്താനാകില്ളെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. യോഗത്തില്‍ പങ്കെടുത്ത ചില എസ്.പിമാര്‍ ഇക്കാര്യം ഡയറക്ടറെ ധരിപ്പിക്കുകയും ചെയ്തു. ഏറെ രാഷ്ട്രീയവിവാദങ്ങള്‍ സൃഷ്ടിച്ച ബാര്‍ കോഴക്കേസിന്‍െറ തുടരന്വേഷണം ഒച്ചിന്‍െറ വേഗത്തിലാണ് നീങ്ങുന്നത്. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നജ്മല്‍ ഹസന്‍ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അവധിയിലാണ്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കാന്‍ സി.ഐ റാങ്കിലെ ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചിട്ടുള്ളത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ സംശയത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന സ്പോര്‍ട്സ് ലോട്ടറി അഴിമതി കേസിന്‍െറ സ്ഥിതിയും ഇതുതന്നെ. പ്രമാദമായ പല അഴിമതിക്കേസുകളും അന്വേഷിക്കാന്‍ ഒരു ഡിവൈ.എസ്.പിയോ സി.ഐയോ മാത്രമാണുള്ളത്.

രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ വിജിലന്‍സിന് ഇതില്‍ക്കൂടുതല്‍ വേഗം വരില്ളെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്ത് എത്തിയതോടെ പരാതികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയാണുണ്ടായത്. ഇതുതാങ്ങാനുള്ള ശേഷി വിജിലന്‍സിനില്ളെന്നും ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. അതേസമയം, പരിമിതികള്‍ക്കുള്ളില്‍നിന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നായിരുന്നു ഡയറക്ടറുടെ നിര്‍ദേശം.

എ.ഡി.ജി.പിമാരായ ആര്‍. ശ്രീലേഖ, ടോമിന്‍ ജെ. തച്ചങ്കരി എന്നിവര്‍ക്കെതിരായ കേസുകളുടെ സ്ഥിതിയും ഡയറക്ടര്‍ ചോദിച്ചറിഞ്ഞു. പ്രമാദമായ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി കല്‍പിച്ചതായും സൂചനയുണ്ട്.

Tags:    
News Summary - vigilance director jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.