തിരുവനന്തപുരം: ഭൂമി കൈയ്യേറ്റം സംബന്ധിച്ച മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഡയറക്ടർ ലോക്നാഥ് ബെഹ്റ മടക്കി. ആരോപണത്തിൽ കഴമ്പുണ്ടെന്ന കോട്ടയം വിജിലൻസ് എസ്.പി.യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടറുടെ കൂടി ചുമതലയുള്ള ഡി.ജി.പി ബെഹ്റ മടക്കിയത്. റിപ്പോർട്ടിൽ കൂടുതൽ അന്വേഷണവും വ്യക്തതയും വേണമെന്നും ഇൗ പരാതി മാത്രമല്ല മറ്റ് പരാതികളെല്ലാം അന്വേഷിക്കണമെന്ന നിർദ്ദേശമാണ് ഡയറക്ടർ നൽകിയിട്ടുള്ളത്. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ സ്വദേശി നൽകിയ പരാതിയിൽ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ മാസം വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശം. എന്നാൽ അന്വേഷണത്തിന് ഡയറക്ടർ ഉത്തരവിട്ടത് തന്നെ ുകാടതി നിർദ്ദേശം വന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു.
തുടർന്ന് കോട്ടയം വിജിലൻസ് ഡി.വൈ.എസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. നേരത്തെ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി.അനുപമ ഭൂമി കൈയ്യേറ്റവും കായൽ നികത്തലുമായി ബന്ധപ്പെട്ടു ചാണ്ടിക്കെതിരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ഹൈകോടതിയിലും സർക്കാർ ഹാജരാക്കി. അതിനാൽ അന്വേഷണ സംഘം കരുതലോടെയാണ് എല്ലാം പരിശോധിച്ച് ആരോപണത്തിൽ കഴമ്പുണ്ടെന്ന റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയത്.
മുമ്പ് തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ ബെഹ്റ നിയമോപദേശവും തേടിയിരുന്നു. എന്നാൽ ഇപ്പോൾ തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ട് ലഭിച്ചപ്പോൾ അതിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ കാര്യങ്ങൾ പരിഗണിക്കാതെ വിശദാന്വേഷണം നടത്താനാണ് ബെഹ്റ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ഇതേ വിഷയത്തിൽ മറ്റ് ആറു പരാതികളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. അതിലൊന്നിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. അതിലും അന്വേഷണം നടത്താനാണ് ഡയറക്ടർ വിജിലൻസ് സംഘത്തോട് നിർദ്ദേശിച്ചിട്ടുള്ളത്. ഇത് തോമസ്ചാണ്ടിക്കെതിരായ പരാതികളിലെ അന്വേഷണം വൈകിപ്പിക്കാനാണെന്ന ആരോപണവും ശക്തമാണ്.
നെൽവയൽ -തണ്ണീർത്തട നിയമം ലംഘിച്ചു, നീർച്ചാലിന്റെ ഗതി മാറ്റി, അനുമതിയില്ലാതെ കരിങ്കൽ ഭിത്തി കെട്ടി, പാർക്കിങ് ഗ്രൗണ്ടിനായി കായൽ കൈയ്യേറി നികത്തി, സ്വകാര്യ റോഡ് നിർമാണത്തിന് സർക്കാർ ഫണ്ട് ദുരുപയോഗിച്ചു എന്നിങ്ങനെയാണു പരാതികൾ. ഇവയെല്ലാം കൂടി അന്വേഷിച്ചാൽ കോടതി നിർദ്ദേശിച്ച സമയപരിധിയിൽ അന്വേഷണം പൂർത്തിയാകാൻ സാധ്യതയില്ല. തോമസ് ചാണ്ടി സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്. അതിൽ തീർപ്പാകുന്നതിന് മുേമ്പ വിജിലൻസ് ഒരു നിഗമനത്തിൽ എത്തേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം. അതിനൊപ്പം തോമസ് ചാണ്ടിക്ക് അനുകൂലമായി നേരുത്തെ റിപ്പോർട്ട് നൽകിയ മുൻ കലക്ടർമാരുടെ മൊഴി രേഖപ്പെടുത്തണമെന്നും തോമസ് ചാണ്ടി നൽകുന്ന രേഖകൾ പരിശോധിച്ച് അദ്ദേഹത്തിെൻറ മൊഴി രേഖപ്പെടുത്തണമെന്നും ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. തോമസ്ചാണ്ടിയെ രക്ഷിക്കാനുള്ള ഉന്നതതല നീക്കമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.