തിരുവനന്തപുരം: വടക്കാഞ്ചേരി ചരപ്പറമ്പിൽ ലൈഫ്മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നിർദേശം. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർ അന്വേഷണം തീരുമാനിക്കുക.
വടക്കാഞ്ചേരി നഗരസഭ അതിര്‍ത്തിയില്‍ നിർമിക്കുന്ന സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന ഏജന്‍സി നൽകിയെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയാണെന്നും അനിൽ അക്കര എം.എൽ.എയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു.
2019 ജൂലൈയിൽ തിരുവനന്തപുരത്ത് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുറഹ്മാൻ ബിന്‍ സുല്‍ത്താനാണ് ലൈഫ് മിഷനുമായി ധാരണപത്രം ഒപ്പിട്ടത്. 140 കുടുംബങ്ങള്‍ക്ക് താമസിക്കാൻ അഞ്ച് നില കെട്ടിടം നിർമിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടിയിരുന്നു.
എം.എല്‍.എയില്‍ നിന്ന് പോലും മറച്ചുവെച്ചാണ് ഭൂമി ഏറ്റെടുത്തത്. രണ്ടേക്കറിലധികം വരുന്ന ഭൂമി വിലകൊടുത്ത് ഏറ്റെടുത്ത ശേഷമാണ് വഴി വില കൊടുത്ത് വാങ്ങിയത്. യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്നിരിക്കെ കേന്ദ്ര സര്‍ക്കാർ അറിയാതെ എങ്ങനെ റെഡ് ക്രസന്റിന്റെ പണം ചെലവാക്കിയെന്നതിൽ ദുരൂഹതയുണ്ടെന്നും അനിൽ അക്കര ആരോപിച്ചിരുന്നു.
അനിൽ അക്കരയുടെ പരാതിയിൽ ഫ്ലാറ്റിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ ചട്ടങ്ങളും സർക്കാർ വ്യവസ്ഥകളും ലംഘിച്ചെന്ന പരാതിൽ വിശദ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു. യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റ് എന്ന സംഘടനയുടെ സഹായത്തോടെയാണ് സർക്കാർ വീട് നിർമിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ സർക്കാറിന് കൃത്യമായ ചട്ടങ്ങളുണ്ട്. എന്നാൽ, ധാരണാപത്രത്തിലെ വ്യവസ്ഥകളെല്ലാം ഉദ്യോഗസ്ഥർ ലംഘിച്ചു. കെട്ടിട സമുച്ചയത്തിൽ അഗ്നിരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. കെട്ടിടം നിർമിക്കുന്ന യൂനിടാകിനും സെയിൽ വെഞ്ചേഴ്സിനും പൊതുമരാമത്ത് വകുപ്പിന്റെ ലൈസൻസില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ആരോപണം നിഷേധിച്ച മന്ത്രി എ.സി മൊയ്തീൻ, ഫ്ലാറ്റ് നിർമാണം തകർക്കാനാണ് അനിൽ അക്കര എം.എൽ.എയുടെ ശ്രമമെന്ന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.