ജയരാജനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ ബന്ധുക്കളെ കൂട്ടത്തോടെ നിയമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി. ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലന്‍സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ട് ആണ് അന്വേഷിക്കുക. 

നിയമവിദഗ്ദരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്താൻ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ കാര്യങ്ങൾ ഇന്ന് ഇരുവരും ചർച്ച ചെയ്തിരുന്നു.

പ്രാഥമിക അന്വേഷണം ആവശ്യമാണെന്ന നിയമോപദേശമാണ് നല്‍കിയിട്ടുള്ളതെങ്കിലും ഇതില്‍ ത്വരിതാന്വേഷണം നടത്തണോ അതോ മറ്റുതരത്തിലുള്ള അന്വേഷണം വേണമോ എന്ന കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും നിയമോപദേശത്തിലുണ്ട്. മുന്‍കാലങ്ങളില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്.

മന്ത്രിക്കെതിരായ പരാതികളിലെ ആരോപണങ്ങള്‍ ഗൗരവ സ്വഭാവമുള്ളതിനാല്‍ വിജിലന്‍സിന് പ്രാഥമിക അന്വേഷണം ആകാമെന്നും അന്വേഷണം നടത്തിയില്ലെങ്കില്‍ ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്താല്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടുമെന്നും ഉപദേശമുണ്ട്. 1988ലെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊതുതാല്‍പര്യത്തിനെതിരായി അധികാര ദുര്‍വിനിയോഗത്തിലൂടെ സ്വജനപക്ഷപാതം കാണിക്കുന്നതും അഴിമതി തന്നെയെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.

Tags:    
News Summary - vigilance enquiry against ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.