തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനും, അംഗം അജയ് തറയിലിനുമെതിരെ ത്വരിതാേന്വഷത്തിന് വിജിലൻസ് കോടതി ഉത്തരവ്. ദേവസ്വം ബോർഡ് നിയമങ്ങൾ പാലിക്കാതെ അനധികൃതമായി നൂറ് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജി.ജയകുമാർ, ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമീഷണർ രാധാകൃഷണൻ നായർ എന്നിവർ നൽകിയ ഹരജിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി സ്പെഷൽ ജഡ്ജി അജിത്കുമാർ ഇൗ ഉത്തരവ് പുറപ്പെടുവിച്ചത്.
അന്നദാനഫണ്ടിൽ തിരിമറി, ബജറ്റ് വിഹിതത്തിലേക്കാൾ കൂടുതലായി പൊതുമരാമത്ത് പണി നടത്തി, ജീവനക്കാരുടെ പുനർവിന്യാസം, താൽക്കാലിക ജീവനക്കാരുടെ നിയമനം, കമ്പ്യൂട്ടർമസേഷൻ, ടെണ്ടർ നടപടിക്രമങ്ങളിലെ അപാകത, കൃത്യവിലോപം, ഫണ്ട്കളിലെ തിരിമറി, വസ്തു തിരികെ പിടിക്കുന്നതിലുള്ള വീഴ്ച തുടങ്ങിയ കാര്യങ്ങളാണ് ഇരുവർക്കുമെതിരെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള പ്രധാന ആരോപണം. തിരുവിതാംകൂർ-കൊച്ചിൻ ഹിന്ദു റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ കീഴിൽ 1220 ക്ഷേത്രങ്ങളും അഞ്ച് എയ്ഡഡ് കോളജുകളും, 18 സ്കൂളുകളും, നാല് അൺഎയ്ഡഡ് സ്കൂളുകളും, കാശി ബനാറസ് സത്രം, കാക്കൂർ എസ്റ്റേറ്റ്, ക്ഷേത്ര കലാപീഠം, ദേവസ്വം ബോർഡ് പ്രസ് മുതലായ സ്ഥാപനങ്ങൾ ഉണ്ട് ഇതിൽ നിന്നും ദേവസ്വത്തിന് വരുമാനം ലഭിക്കുന്നു. എന്നാൽ ദേവസ്വം ബോർഡ് നിയമപ്രകാരം ദേവസ്വം ബോർഡ് പ്രസിഡൻറിന് 5,000/- രൂപയും അംഗങ്ങൾക്ക് 3,500 രൂപ ഹോണറ്റേറിയവുമാണ് നിലവിൽ ലഭിക്കുന്നത്.ഇതിൽ ട്രാവലിംഗ് അലവൻസും, ഹാൾട്ടിങ് അലവൻസും ഉൾപ്പെടും. എന്നാൽ എതിർകക്ഷികൾ ഇതിന് പുറമെ വീട്ട് വാടക, വാഹനങ്ങൾ, മൊബൈൽ ഫോൺ, ലാൻറ് ഫോൺ, ഒന്നിൽ കൂടുതൽ ഡൈവർമാർ, വീട്ടുജോലിക്കാർ എന്നിവ അനധികൃതമായി ഉപയോഗിക്കുന്നുവെന്നും ഹരജിയിൽ ആരോപിക്കുന്നു.
2015 നവംബർ മുതൽ 2017 ഒക്ടോബർ വരെ പ്രതിദിനം 300 കി. മീറ്റർ മുതൽ 600 കി.മീറ്റർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചതായി .15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുള്ള കാറുകൾ വാങ്ങിക്കൂട്ടി, തിരുവനന്തപുരത്ത് 15,000/ മുതൽ 35,000 രൂപ വരെയുള്ള വാടക വീടുകൾ ഔദ്യോഗിക വസതിയായി ഉപയോഗിച്ചു ഇതെല്ലാം കാരണം ദേവസ്വം ബോർഡിന് നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഹരജിയിലെ ആരോപണം. അന്വോഷണ റിപ്പോർട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.