തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ മിക്കയിടത്തും സേവനാവകാശനിയമം ലംഘിക്കുന്നതായും അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ‘മൺസൂൺ മിന്നൽ’ എന്ന പേരിലെ പരിശോധന. സേവനാവകാശനിയമം മറികടക്കാൻ പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്താതെ വാങ്ങി സൂക്ഷിക്കുന്നതായും സ്കൂൾ-കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകാതെ മനഃപൂർവം താമസിപ്പിക്കുന്നതായും കാലവർഷക്കെടുതിമൂലമുണ്ടായ നഷ്ടം കണക്കാക്കി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ അലംഭാവം കാട്ടുന്നതായും പരാതി ഉയർന്നിരുന്നു.
84 വില്ലേജ് ഒാഫിസുകളിൽ നടന്ന പരിശോധനയിൽ മിക്കയിടത്തും രജിസ്റ്ററിൽ രേഖപ്പെടുത്താത്ത 1600ഓളം അപേക്ഷകൾ കണ്ടെത്തി. ചില ഓഫിസുകളിൽ ബന്ധപ്പെട്ട രജിസ്റ്ററുകളിൽ രേഖപ്പെടുത്താതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. രജിസ്റ്ററുകളിൽ പതിച്ച മുന്നൂറോളം എൻ.ഒ.സി സർട്ടിഫിക്കറ്റുകൾക്കായി ലഭിച്ച അപേക്ഷകളും പോക്കുവരവിനായി ലഭിച്ച 250ഓളം അപേക്ഷകളും മറ്റ് ആവശ്യങ്ങൾക്കായി ലഭിച്ച 700ഓളം അപേക്ഷകളും സേവനാവകാശ നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.സേവനാവകാശ നിയമപ്രകാരം പ്രദർശിപ്പിക്കേണ്ട ബോർഡുകൾ മിക്ക വില്ലേജ് ഓഫിസുകളിലുമില്ല. കാഷ് ഡിക്ലറേഷൻ രജിസ്റ്റർ, മൂവ്മെൻറ് രജിസ്റ്റർ, ഹാജർ ബുക്ക് എന്നിവ കൃത്യമായി പരിപാലിക്കാത്തതായും കണ്ടെത്തി.
വിജിലൻസിനെ കണ്ട് പഴ്‌സ് ഉേപക്ഷിച്ച് ഒാടാൻ ശ്രമിച്ച വില്ലേജ് ഒാഫിസറിൽനിന്ന് പണം പിടികൂടി
തിരുവനന്തപുരം: വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് നടത്തിയ ‘മൺസൂൺ മിന്നൽ‘ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം പിടികൂടി. മലപ്പുറം കരുളായി വില്ലേജ് ഓഫിസിലെ സ്പെഷൽ വില്ലേജ് ഓഫിസർ വിജിലൻസ് സംഘത്തെ കണ്ട് പഴ്‌സ് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചു. വിജിലൻസ് സംഘം തടഞ്ഞുനിർത്തി ഇയാളിൽനിന്ന് കണക്കിൽപെടാത്ത 7450 രൂപ പിടിച്ചെടുത്തു. പണത്തിെൻറ ഉറവിടം വ്യക്തമാക്കാൻ വില്ലേജ് ഒാഫിസർക്ക് കഴിഞ്ഞില്ല. കൈക്കൂലിയാണെന്ന് സംശയിക്കുന്നതായി വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ കൂടൽ വില്ലേജ് ഓഫിസിൽനിന്ന് കണക്കിൽപെടാത്ത 10,100 രൂപ കണ്ടെത്തി. മാതൃക വില്ലേജ് ഓഫിസായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ കരകുളം ഓഫിസ് മാതൃകപരമായി പ്രവർത്തിക്കുന്നതായും വിജിലൻസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.