ക​ണ്ണൂ​ർ വി.​സി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന വി​ജി​ല​ൻ​സ്​ കോ​ട​തി വി​ധി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഖാദർ മങ്ങാടിനെതിരായ (ഡോ. എം.കെ. അബ്ദുൽ ഖാദർ) വിജിലൻസ് കേസ് ഹൈേകാടതി റദ്ദാക്കി. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനുള്ള തലശ്ശേരി വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഖാദർ മങ്ങാട് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. ഹരജിക്കാരനെതിരായ പരാതി അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ട വിഷയമല്ലാത്തതിനാൽ കേസ് തുടരുന്നത് നിയമനടപടിയുടെ ദുരുപയോഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹാജർ രേഖകളിൽ കൃത്രിമം കാട്ടിയാണ് ഡോക്ടറേറ്റ് സമ്പാദിച്ചതെന്ന പരാതിയിലാണ് ഹരജിക്കാരനെതിരെ കേസുണ്ടായത്. വിജിലൻസ് കോടതിയുടെ നിർദേശപ്രകാരം ത്വരിതാന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഗവേഷണ കാലയളവിൽ അധികൃതരുടെ അനുമതിയോടെയാണ് ഇദ്ദേഹം ഹാജർ രേഖപ്പെടുത്തിയിരുന്നതെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് സാധ്യതയില്ലെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. 

ഹരജിക്കാരൻ ഡോക്ടറേറ്റ് നേടിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കാര്യമല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ഡോക്ടറേറ്റ് ഉള്ളതിനാലാണ് ഹരജിക്കാരനെ വി.സിയായി നിയമിച്ചതെന്നിരിക്കെ ഡോക്ടറേറ്റ് സമ്പാദിച്ചതിൽ ക്രമക്കേടുണ്ടെന്നത് പൊതുസേവക​െൻറ കുറ്റകരമായ പെരുമാറ്റദൂഷ്യമായി വിലയിരുത്താൻ കഴിയില്ല. ഡോക്ടറേറ്റ് ലഭിക്കാൻ തെറ്റായി എന്തെങ്കിലും ഹരജിക്കാരൻ ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട അധികൃതരാണ് പരിശോധിക്കേണ്ടത്. ഈ വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ നിർദേശിച്ചതനുസരിച്ച് അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - vigilence court suspend against kannur vc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.