പി.ആര്‍.ഡി പരസ്യങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പബ്ളിക് റിലേഷന്‍സ് വിഭാഗം വഴിയുള്ള പരസ്യങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ. സര്‍ക്കാര്‍ പതിവായി ഒരു പരസ്യ ഏജന്‍സിക്കുമാത്രം പരസ്യങ്ങള്‍ കരാര്‍ നല്‍കുന്നെന്ന പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു ശിപാര്‍ശ.

എല്‍.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തിയ ഒരു സ്വകാര്യ ഏജന്‍സിക്ക് മാത്രം പി.ആര്‍.ഡി പരസ്യങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ കരാര്‍ നല്‍കുന്നെന്ന പരാതിയിലാണ് വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പില്‍നിന്ന് 13 കരാറുകളാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. മൂന്നുലക്ഷം രൂപയും ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്. 

ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കിയിരിക്കുന്നതിനാല്‍ സാമ്പത്തിക ക്രമക്കേട് കണ്ടത്തൊനാകുന്നില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പി.ആര്‍.ഡിക്ക് സ്വന്തമായി ചിത്രകാരനും ഗ്രാഫിക് ഡിസൈനറും ഉള്ളപ്പോഴാണ് സ്വകാര്യ ഏജന്‍സിയെ ചുമതലകള്‍ ഏല്‍പിക്കുന്നത്. ഇതിന് കളമൊരുക്കാന്‍, പി.ആര്‍.ഡി ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന ഡിസൈനുകള്‍ നിരസിക്കുകയാണ് പതിവ്. ഇതുവഴി  സര്‍ക്കാറിന് സാമ്പത്തികനഷ്ടമുണ്ടാകുന്നുണ്ട്. ഇതില്‍ മാറ്റമുണ്ടാക്കി പി.ആര്‍.ഡിയിലെ ഉദ്യോഗസ്ഥരെ തന്നെ പരസ്യങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ ഏല്‍പിക്കണം.

പരസ്യങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൊടുക്കേണ്ട സാഹചര്യമുണ്ടായാല്‍ മികച്ച കമ്പനികളുടെ ഒരു പാനല്‍ തയാറാക്കണം. അതില്‍നിന്ന് ഡിസൈനുകള്‍ ക്ഷണിച്ച് മികച്ചത് തെരഞ്ഞെടുക്കുകയാവും നല്ലതെന്നും ഡിവൈ.എസ്.പി ആര്‍. മഹേഷ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അദ്ദേഹത്തിന്‍െറ പരിഗണനയിലാണ്. സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ വേണമെന്ന നിലപാടാണ് ജേക്കബ് തോമസിനുള്ളത്. ഇതിന്‍െറകൂടി അടിസ്ഥാനത്തില്‍ സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നാണറിയുന്നത്.

Tags:    
News Summary - vigilence report to controll PRD advt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.