കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലുള്ള നടനും നിർമാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താനായില്ല. ദുബൈയിലുണ്ടെന്ന് സംശയിച്ച് അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇയാൾ ജോർജിയയിലേക്ക് കടന്നതായി അഭ്യൂഹമുണ്ട്. മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞിരുന്നു. ഇയാളുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ട്. 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കമീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഇത് ഒളിവിൽ കഴിയാൻ ഗുണകരമാകുമെന്ന പ്രതീക്ഷയിൽ അവിടേക്ക് കടന്നിട്ടുണ്ടാകാമെന്ന സൂചനകളാണുള്ളത്. അതേസമയം ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. ഇതിനുള്ള നടപടികൾ തുടരും.
കഴിഞ്ഞമാസം 26നാണ് നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ കേസെടുത്തത്. ക്രൂര പീഡനത്തിനാണ് ഇരയായതെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. ഇതോടെ യുവതിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ വിജയ് ബാബു ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ദുബൈയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അവിടത്തെ പൊലീസിന്‍റെ സഹായം തേടുകയും ചെയ്തു. ഇൻറർപോളിന്‍റെ സഹായവും തേടി. ഇതിന്‍റെ അടിസ്ഥാനത്തിൽ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് തീരുമാനം. പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യർഥനയാണ് റെഡ് കോർണർ നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.