തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകൾ യുട്യൂബിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിജയ് പി. നായർക്കെതിരായ അന്വേഷണം സൈബർ പൊലീസിന് കൈമാറും. ഇതുസംബന്ധിച്ച ഫയലുകൾ സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായക്ക് മ്യൂസിയം പൊലീസ് കൈമാറി. ചൊവ്വാഴ്ച വിജയ് നായരെ ഹോട്ടൽ മുറിയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഭാഗ്യലക്ഷ്മി അടക്കമുള്ളവർ യുട്യൂബിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് നായരുടെ ചാനല്‍ യുട്യൂബ് ചൊവ്വാഴ്ച നീക്കം ചെയ്തു. എന്നാൽ, വിവാദത്തിന് ആധാരമായ വിഡിയോ പലരും ഡൗൺലോഡ് ചെയ്ത് വിവിധ ചാനലിൽകൂടി പുറത്തുവിട്ടത് പൊലീസിന് തലവേദനയായി.
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് ശനിയാഴ്ചയാണ് വിജയ് നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യം ചെയ്തത്. സംഭവത്തിൽ മൂവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാൽ, മൂവരും കോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകിയതിനാൽ കോടതി തീരുമാനം അനുസരിച്ചാകും തുടർ നടപടി. ഭാഗ്യലക്ഷ്മിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് കോടതി മുൻകൂർ ജാമ്യം നൽകി.
വിജയ് നായരുടെ വിഡിയോക്കെതിരെ സൈനികരുടെ സംഘടന മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ചാനലിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പരാതികൾ സിറ്റി പൊലീസ് കമീഷണർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.