കൽപറ്റ: സി.പി.ഐ വയനാട് ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ ഒത്താശയോടെ വയനാട്ടിൽ മിച്ചഭൂമി തരംമാറ്റി വിൽക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കും. അന്വേഷണ കമീഷനെ സംസ്ഥാന നേതൃത്വമായിരിക്കും നിശ്ചയിക്കുക. അന്വേഷണം തീരുംവരെ വിജയൻ ചെറുകര വയനാട് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കും. ജില്ലയുടെ ചുമതലയുള്ള ദേശീയ കൗൺസിൽ അംഗം കെ. രാജൻ എം.എൽ.എക്കായിരിക്കും ഈ കാലയളവിൽ ജില്ല സെക്രട്ടറിയുടെ ചുമതല. സർക്കാറും അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയ ധാർമികതയുടെ പേരിൽ സ്വയം മാറിനിൽക്കുകയാണെന്ന് വിജയൻ ചെറുകര അറിയിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ മാറ്റിനിർത്താൻ തീരുമാനിച്ചത്.
സി.പി.ഐ നേതാക്കളുടെ പിന്തുണയോടെ റവന്യൂ ഉദ്യോഗസ്ഥരും ഭൂമാഫിയയും സർക്കാർഭൂമി തരംമാറ്റി വിൽക്കാൻ നീക്കം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയതായി ചാനൽ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് വയനാട് ഡെപ്യൂട്ടി കലക്ടർ (എൽ.എ) ടി. സോമനാഥനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സംഭവം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് ദേശീയ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, കെ. രാജൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തത്. വാർത്ത കെട്ടിച്ചമച്ചതാണെന്ന് വിലയിരുത്തിയ യോഗം ധാർമികത ഉയർത്തിപ്പിടിക്കാനായി പാർട്ടി തലത്തിൽ അന്വേഷിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
തുടർന്ന്, സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് ഇക്കാര്യം തീരുമാനിച്ചു. അന്വേഷണ കാലയളവിൽ സ്ഥാനത്തുനിന്ന് മാറിനിൽക്കാമെന്ന് വിജയൻ ചെറുകര നിലപാടെടുക്കുകയായിരുന്നുവെന്ന് സത്യൻ മൊകേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട ജില്ലയുടെ അജൻഡ ചർച്ച ചെയ്യുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന യോഗമാണ് ചൊവ്വാഴ്ച നടന്നതെന്നും ഇക്കൂട്ടത്തിൽ സി.പി.ഐ നേതാക്കൾക്കെതിരായ ആരോപണം കൂടി ചർച്ച ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് അന്വേഷണവും റവന്യൂ വകുപ്പിെൻറ അന്വേഷണവും ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വിജയൻ ചെറുകരക്കും ജില്ല കൗൺസിൽ അംഗം ഇ.ജെ. ബാബുവിനും പാർട്ടി അനുമതി നൽകി. ചാനലിനെതിരെ എ.ഐ.വൈ.എഫ് നടത്തിയ പ്രകടനം വൈകാരികമായി സംഭവിച്ചതാണെന്നും അത് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും സത്യൻ മൊകേരി പറഞ്ഞു. ചാനൽ ലേഖകനെതിരെ ഭീഷണി മുഴക്കിയത് വികാരവിക്ഷോഭത്തിൽ സംഭവിച്ചതാണെന്ന് വിജയൻ ചെറുകര പറഞ്ഞു. അതിന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ക്ഷമചോദിച്ചു. വിജയൻ ചെറുകര ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനിൽക്കുമെങ്കിലും സംസ്ഥാന കൗൺസിൽ അംഗമായും ഇ.ജെ. ബാബു ജില്ല കൗൺസിൽ അംഗമായും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.