തിരുവനന്തപുരം: കരാറുകാരെയും കൂട്ടി എം.എൽ.എമാർ കാണാൻ വരേണ്ടെന്ന മന്ത്രി റിയാസിെൻറ നിലപാടിനെ പിന്തുണച്ച് സി.പി.എം. മന്ത്രി വ്യക്തമാക്കിയത് പാർട്ടിയുടെ പൊതുനിലപാടാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
പൊതുവേ ഇത്തരം കാര്യങ്ങളിൽ പൊതുനിർദേശങ്ങൾ സി.പി.എം നൽകാറുണ്ട്. അതിനനുസൃതമായ കാര്യമാണ് മന്ത്രി വ്യക്തമാക്കിയത്. സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്നതും മന്ത്രിമാരുടെ ഓഫിസ് എങ്ങനെ പ്രവർത്തിക്കണമെന്നതും സംബന്ധിച്ച് സി.പി.എമ്മിന് വ്യക്തമായ സമീപനമുണ്ട്.
സർക്കാറും മന്ത്രിമാരും പൊതുവെ നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി സർക്കാർ പ്രവർത്തിക്കുമ്പോൾ ആ പ്രവർത്തനത്തിന് മങ്ങലേൽപ്പിക്കാനുള്ള ശ്രമമുണ്ടാവുക സ്വാഭാവികമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ വിജയരാഘവൻ വ്യക്തമാക്കി.
നിയമസഭകക്ഷിയോഗത്തിൽ എം.എൽ.എയുടെ വിമർശനത്തെപ്പറ്റി ആവർത്തിച്ച് ചോദിച്ചപ്പോൾ, താൻ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നായിരുന്നു വിജയരാഘവെൻറ മറുപടി. നിങ്ങളിൽ പലരും വാർത്തകൊടുത്തത് ആ യോഗത്തിൽ പങ്കെടുത്തവരെ പോലെയാണ്. സാമാജികർ ഉന്നയിക്കുന്ന വിഷയങ്ങളിൽ അനുഭാവസമീപനമാണ് മന്ത്രിമാർക്കുള്ളത്.
ജനങ്ങളുടെ കാര്യങ്ങൾ ശിപാർശകളില്ലാതെ വേഗത്തിൽ നടക്കണമെന്നതാണ് നിലപാട്. അതിനനുസരിച്ച് മന്ത്രിമാരുടെ ഓഫിസുകൾ മെച്ചപ്പെടണം. അതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.