തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ പരാമർശത്തിൽ ഒരു വർഗീയതയുമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വർഗീയ ശക്തികളുമായി ചേർന്നുകൊണ്ട് നിലപാടെടുക്കുന്ന കോൺഗ്രസ് -ലീഗ് സമീപനത്തെയാണ് വിജയരാഘവൻ വിമർശിച്ചത്. പാലക്കാട് യു.ഡി.എഫിന്‍റെ വിജയം ആദ്യം ആഘോഷിച്ചത് എസ്.ഡി.പി.ഐയാണ്. വർഗീയതയിൽനിന്ന് കേരളത്തെ രക്ഷിക്കുന്ന സമീപനമാണ് വിജയരാഘവൻ സ്വീകരിച്ചതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
“വർഗീയ ശക്തികളുമായി ചേർന്നുകൊണ്ടുള്ള കോൺഗ്രസിന്‍റെ നിലപാടിനെയാണ് വിജയരാഘവൻ വിമർശിച്ചത്. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്‍റെ നിലപാടിനെയാണ് വിമർശിച്ചത്. മതരാഷ്ട്രവാദം ഉയർത്തുന്ന എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായി ലീഗിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് ക്യാമ്പിനകത്ത് ഉറപ്പിച്ചുനിർത്തുന്നു. പാലക്കാട് യു.ഡി.എഫിന്‍റെ വിജയം ആദ്യം ആഘോഷിച്ചത് എസ്.ഡി.പി.ഐയാണ്.
വർഗീയ നിലപാടോ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടോ വിജയരാഘവന്‍റെ പ്രസംഗത്തിലില്ല. വർഗീയതയിൽനിന്ന് കേരളത്തെ രക്ഷിക്കുന്ന സമീപനമാണ് വിജയരാഘവൻ സ്വീകരിച്ചത്. പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കോൺഗ്രസ്, ലീഗ് നേതാക്കൾ പുറത്ത് നടത്തിയ പ്രതികരണങ്ങൾ അടിസ്ഥാന രഹിതമാണ്” -ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ ജയിച്ചത് മുസ്‌ലിം വർഗീയവാദികളുടെ പിന്തുണയോടെയാണെന്നായിരുന്നു പൊളിറ്റ്ബ്യൂറോ വിജയരാഘവന്‍റെ വിവാദ പരാമർശം.
നേരത്തെ വിജയരാഘവനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയും രംഗത്ത് വന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചാൽ അത് മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ലെന്നും എ. വിജയരാഘവന്‍റെ പ്രസംഗത്തിലെ പരാമർശത്തിൽ തെറ്റില്ലെന്നുമാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. പാർട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവൻ പ്രസംഗത്തിൽ പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.