പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സജീവമാകാൻ പാലക്കാട്ടെ വിജയ് ആരാധകർ. വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ പാലക്കാട്ടെ ആരാധകരും ആവേശത്തിലാണ്. വിജയ്ക്ക് ഏറെ ആരാധകരുള്ള മേഖലയാണ് പാലക്കാട്.
വിജയ്‍യുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) കേരള ഘടകം രൂപീകരിച്ചിട്ടില്ലെങ്കിലും ആരാധകരും ഫാൻസ് അസോസിയേഷനുകളും തയാറായി നിൽക്കുകയാണ്. വരും മാസങ്ങളിൽ കേരള ഘടകത്തിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അണ്ണൻ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. പാലക്കാട് ജില്ലയിലാകെയായി 30,000ത്തോളം വിജയ് ഫാൻസ് ഉണ്ടെന്ന് ഇവർ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് വിഴുപ്പുറം വിക്കിരവാണ്ടിയിൽ ടി.വി.കെ ആദ്യ സംസ്ഥാന സമ്മേളനം നടത്തിയത്. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി.കെ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്നാണ് പാർട്ടി അധ്യക്ഷനായ വിജയ് അവകാശപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. ഒരു സിനിമകൂടി പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ടി.വി.കെ ലക്ഷ്യമെന്ന് പ്രഥമ സംസ്ഥാന സമ്മേളനത്തിൽ വിജയ് പറഞ്ഞു. ജന്മം കൊണ്ട് എല്ലാവരും തുല്യരാണ്. മതനിരപേക്ഷത, സമൂഹികനീതി, ജനാധിപത്യം, ജാതി അടിസ്ഥാനത്തിൽ പ്രാതിനിധ്യ സംവരണം, സംസ്ഥാനത്തിന് സ്വയംഭരണാവകാശം തുടങ്ങിയവയാണ് ടി.വി.കെയുടെ നയങ്ങളെന്നും വ്യക്തമാക്കി. ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. പണത്തിനുവേണ്ടിയല്ല, മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും വിജയ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.