മുന്നാട്: ‘അവർ ജീവിക്കാൻ അനുവദിക്കുന്നില്ല, അതുകൊണ്ട് ഓടിപ്പോന്നു’. മണിപ്പൂരിലെ കുക്കി-മെയ്തേയ് കലാപത്തിനിടയിൽനിന്ന് പലായനംചെയ്ത് കേരളത്തിലേക്ക് രക്ഷപ്പെട്ട കുക്കിവിഭാഗം വിദ്യാർഥി വിൻസൻ ഹോകിപ് പറഞ്ഞു. മുന്നാട് പീപിൾസ് കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിൽ സംഘാടകന്റെ റോളിലാണ് ഹോകിപ്. മീഡിയ സെന്റർ പരിസരത്ത് കാര്യങ്ങൾ ശ്രദ്ധിച്ചും ഒരുക്കിയും തന്റെ ജോലി ഭംഗിയാക്കുകയാണവൻ. കലാപം പടരുമ്പോൾ കുക്കി വിദ്യാർഥികൾക്ക് കേരളത്തിലെ സർവകലാശാലകൾ അഭയം നൽകിയിരുന്നു. ഈ വിവരമറിഞ്ഞ മണിപ്പൂർ കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മുഖേന കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനെ ബന്ധപ്പെട്ടു. ഇംഫാലിലെ മോഡേൺ കോളജിൽ ബി.എ ജിയോഗ്രഫി പഠിക്കുകയായിരുന്ന ഹോക്കിപ്പിന് ഇവിടെ തത്തുല്യമായ കോഴ്സ് പഠിക്കാൻ അവസരം നൽകി. താമസവും ഭക്ഷണവും സൗജന്യമായി നൽകി.
ഇംഫാലിനു ചുറ്റുമാണ് കലാപം ഏറെയും പടർന്നത്. ഹോട്ടലിൽ 6500 രൂപ പ്രതിമാസം സമ്പാദിച്ചുകൊണ്ടാണ് പഠിച്ചത്. കലാപനാളിൽ അടിയന്തര ആവശ്യത്തിന് പുറത്തിറങ്ങിയപ്പോൾ മെയ്തേയികൾ തങ്ങളെ വളഞ്ഞു. അവിടെനിന്ന് ഡി.ജി.പിയുടെ വീട്ടിലേക്ക് പാഞ്ഞുകയറി. അദ്ദേഹം കുക്കി വിഭാഗക്കാരനായിരുന്നു. ഞങ്ങൾക്ക് അഭയം നൽകിയതിന് മെയ്തേയി ആക്രമികൾ അദ്ദേഹത്തിന്റെ വീട് കല്ലെറിഞ്ഞുതകർത്തു. രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് നാടുവിട്ടത്.
ചുവാരു ചന്ദ് പൂരിലെ തുയി ബോങ്ങിലാണ് വീട്. അവിടെ പ്രശ്നങ്ങളില്ല. നിർമാണത്തൊഴിലാളിയായ ഹൽകോ മാങ്ങിന്റെയും നെയിക്കോനെങ്ങിന്റെയും മകനാണ്. ഒരു സഹോദരിയും സഹോദരനുമുണ്ട്. കേരളം മണിപ്പൂർപോലെയുള്ള ഭൂപ്രദേശമാണ്. പഠിച്ചുകഴിഞ്ഞാലും ദക്ഷിണേന്ത്യയിൽ ജോലിനോക്കാനാണ് താൽപര്യമെന്നും ഇപ്പോൾ മണിപ്പൂരിനെക്കാൾ കേരളത്തെയാണ് ഇഷ്ടമെന്നും ഹോക്കിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.