വിൻസന്റ് വാൻഗോഗ് എന്ന മഹാനായ ചിത്രകാരന്റെ ഒരു പക്ഷെ, ഏറ്റവും ശക്തമായ ചിത്രമാണിത്. അതേ സമയം വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ചതും.
അദ്ദേഹത്തിന്റെ അവസാന ചിത്രമാണിതെന്നാണ് പണ്ഡിതപക്ഷം. അതുകൊണ്ടുതന്നെ ഇതൊരു ആത്മഹത്യാക്കുറിപ്പായി കാണുന്നവരുണ്ട്. കൊടിയ നിരാശയും ഏകാന്തതയും ചാലിച്ചാണ് വാൻഗോഗ് ഇത് വരച്ചതത്രെ.
നമുക്ക് നേരെ മുന്നിൽ മൂന്ന് വഴികളാണ് ചിത്രം കാണിച്ചുതരുന്നത്. അതോടെ കാഴ്ചക്കാരൻ സംശയഗ്രസ്തനും ഉത്കണ്ഠാകുലനുമായി മാറുകയാണ്. കാരണം, ഈ വഴികളൊന്നും തന്നെ ചക്രവാളത്തിലേക്കോ ലക്ഷ്യത്തിലേക്കോ എത്തുന്നില്ല. ഒന്നുകിൽ അത് വാൻഗോഗിന് പ്രിയപ്പെട്ട മഞ്ഞയുടെ ധാരാളിത്തത്തിൽ അലിഞ്ഞില്ലാതാവുകയാണ്, അല്ലെങ്കിൽ, ചിത്രത്തിന് പുറത്തേക്ക് വ്യർത്ഥമായി കുതിക്കുകയാണ്. വാൻഗോഗിനെ എക്കാലവും പ്രശസ്തനാക്കിയ ഗോതമ്പുപാടങ്ങളുടെ വിശാലത ഇവിടെ തലതിരിഞ്ഞ് നമുക്കുനേരെ കൂർമ്പിച്ചുവരുന്നു.
നമുക്കെന്നും ഏറെ പ്രിയമായിരുന്ന ഒന്ന് നമ്മെത്തന്നെ മുറിവേൽപ്പിക്കുന്നപോലെ. ഗോതമ്പുപാടവും കരിനീലവാനവും എതിർ ദിശകളിലേക്ക് പരസ്പരം അകന്നുപോകുന്നതായാണ് ഇവിടെ അനുഭവപ്പെടുന്നത്. ആരേയും അലോസരപ്പെടുത്തുന്ന ഒരു വിക്ഷുബ്ധതയുണ്ടതിൽ. ആ തീക്ഷ്ണതയിൽനിന്നു തന്നേയാണ് കൊടുംകറുപ്പിന്റെ അടയാളമായി കാക്കകൾ പറന്നുവരുന്നത്. അതിന്റെ ചിറകടികൾ നമ്മുടെ ഹൃദയഭിത്തികളേയാണ് വിറകൊള്ളിക്കുന്നത്. കാരണം അത് സൂചിപ്പിക്കുന്നത് മെയ്യറുതിയേയാണ്. ആ തിരിച്ചറിവ് ഒരാന്തലെന്നോണം നെഞ്ചുകൂടത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ഒരു നിലയില്ലാക്കയത്തിലാണ് നാം നിൽക്കുന്നതെന്ന തോന്നൽ. ഒരിക്കലും ഒളിച്ചോടിയൊഴിവാക്കാനാവാത്ത അനിവാര്യത നമ്മെ വിഴുങ്ങുന്ന പോലെ.
എങ്കിലും അങ്ങു ദൂരെ ആ നിലീമയിൽ പ്രതീക്ഷയുടെ/പ്രശാന്തതയുടെ കൊച്ചുതിളക്കങ്ങൾ വാൻഗോഗ് വിട്ടു കളഞ്ഞിട്ടില്ല. പക്ഷെ, നിലയറ്റ മഞ്ഞപ്പാടങ്ങളും ദിശയില്ലാത്ത ചുവപ്പൻ പാതകളും ആ തുരുത്തുകളെ അപ്രാപ്യമാക്കുകയാണ്. അതിനിടയിൽ ആരും നടക്കാത്ത ചില ഹരിതവഴികളും വരച്ചിട്ടിരിക്കുന്നത്, വാൻഗോഗിന്റെ ഇനിയും കെട്ടുപോകാത്ത ആശയെയാണോ സൂചിപ്പിക്കുന്നത്? ആയിരിക്കില്ല. പ്രതീക്ഷകൾ വറ്റിയ മനസ്സിൽനിന്നു പിറന്ന ചിത്രമാണല്ലോ ഇതെന്നോർക്കുമ്പോൾ നമുക്ക് ആശാന്വിതരാവാനാവില്ലല്ലോ.
ചുറ്റിനും തകർന്നു വീഴുന്ന കാഴ്ചകൾക്കിടയിൽ കടുത്ത വ്യഥയാൽ നിരാലംബനാവുന്ന ഒരു ആത്മാവിനെ അനുഭവപ്പെടുത്തിത്തരികയാണ് വാൻഗോഗ് ഇവിടെ. ചടുലമായ വേഗതയിലും കടുപ്പത്തിലും ഉന്മാദിയെപ്പോലെ ചായങ്ങൾ കാൻവാസിൽ വാരിയെറിയുന്ന ആ ചിത്രകാരനെ എനിക്ക് സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അപാരമായ സിദ്ധിയുടെ അവസാനപ്പിടച്ചിലിൽ തന്റെ പ്രിയപ്പെട്ട നിറങ്ങളെ ഇവിടെ ഒരുക്കിയെടുത്തിരിക്കുന്നത് ഒരു വേദനയോടെയല്ലാതെ നമുക്ക് കാണാനുമാവില്ല. അതൊക്കെയായിരിക്കാം വാൻഗോഗ് ആ നിമിഷത്തിൽ ആഗ്രഹിച്ചിരിക്കുക.
അതുകൊണ്ടു തന്നെയായിരിക്കണം മരണവക്കിലിരുന്നുകൊണ്ട് ആ മഹാനായ ചിത്രകാരൻ ഇങ്ങനെയൊക്കെ വരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.