സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു;  സ്ത്രീകള്‍ക്കെതിരെ കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പൊലീസ് വകുപ്പിന്‍െറ 2008 മുതല്‍ 2016  ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ക്രമേണ വര്‍ധനയാണ് വ്യക്തമാകുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ട്. കുട്ടികള്‍ക്കെതിരെ 2008ല്‍ 549 കേസ് മാത്രമുണ്ടായിരുന്നത് 2015ല്‍ 2384ഉം 2016 ഒക്ടോബര്‍ വരെ 2358ഉം ആണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ കേസുകള്‍ വീണ്ടും വര്‍ധിക്കും. പീഡന, ബലാത്സംഗ കേസുകളിലാണ് ഞെട്ടിപ്പിക്കുന്ന വര്‍ധന. 2008ല്‍ 215 കേസ് മാത്രമുണ്ടായിരുന്നത് 2016 അവസാനിക്കും മുമ്പ് തന്നെ 765 ആയിട്ടുണ്ട്. 

കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ് 2008ല്‍ 87 മാത്രമായിരുന്നത് ഈവര്‍ഷം ഇതുവരെ 124 ആയി. ഇത്തരം കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് 2015ലാണ് (171). കൊലചെയ്യപ്പെട്ട കുട്ടികളുടെ എണ്ണം ഈവര്‍ഷം കുറഞ്ഞിട്ടുണ്ട് (25). 2011ലെ 47 കൊലപാതകക്കേസുകളാണ് കൂടിയത്.  കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് 2012ല്‍ പാസാക്കിയ പോസ്കോ(ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്) നിയമപ്രകാരം  ഈവര്‍ഷം ഒക്ടോബര്‍ വരെ 1718 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറയുന്നു

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2007ല്‍ 9381 കേസ് ആയിരുന്നത് 2016ല്‍ 7909 ആയി കുറഞ്ഞിട്ടുണ്ട്. 2008ല്‍ 9706, 2009ല്‍ 9354ഉം ആയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ 10,000 കടന്നു. 2011ല്‍ 13,279 വരെ എത്തിയെങ്കിലും 2012ല്‍ 13,002 ആയി കുറഞ്ഞു. ഇക്കാലയളവിലെ കൂടിയ കേസ് രേഖപ്പെടുത്തിയ 2014ല്‍ ഇത് 13,880 ആയി. എന്നാല്‍, 2015ല്‍ കേസുകള്‍ കുറഞ്ഞ് 12,383ല്‍ എത്തി. ഈവര്‍ഷം വീണ്ടും ഗണ്യമായ കുറവ് കാണാം. എന്നാല്‍, പീഡന, ബലാത്സംഗ കേസുകള്‍ ഓരോവര്‍ഷവും ക്രമത്തില്‍ കൂടുകയാണ്. 
തട്ടിക്കൊണ്ടുപോകല്‍, പൂവാലശല്യം തുടങ്ങിയ കേസുകളില്‍ ഏറ്റക്കുറച്ചിലുണ്ട്. 2007ല്‍ 166 തട്ടിക്കൊണ്ടുപോകല്‍ കേസുണ്ടായിരുന്നത് 2016ല്‍ 78 ആയി കുറഞ്ഞു. പൂവാലശല്യവുമായി ബന്ധപ്പെട്ട കേസുകള്‍ 2007 മുതല്‍ 2015വരെ (യഥാക്രമം 262, 255, 394, 539, 573, 498, 404, 257, 265) കുറഞ്ഞുവരുന്നുണ്ട്. 2016ലാകട്ടെ ഇതു വീണ്ടും കുറഞ്ഞ് 190ലത്തെി. സ്ത്രീധന പീഡന മരണങ്ങള്‍ ഈവര്‍ഷം എട്ടെണ്ണമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 2007 മുതല്‍ 2015 വരെയുള്ള കണക്ക്: (22, 25, 21, 21,15, 32,19, 7).
ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കൂടുതല്‍ കേസുകള്‍ മലപ്പുറം പൊലീസ് പരിധിയിലാണ്; 1208. കുറവ് തൃശൂര്‍ സിറ്റി പൊലീസ് പരിധിയിലും; 281. പത്തനംതിട്ട 901, ഇടുക്കി 395, കോട്ടയം 413, തിരുവനന്തപുരം സിറ്റി 501, റൂറല്‍ 992, ആലപ്പുഴ 641, എറണാകുളം സിറ്റി 494, റൂറല്‍ 636, കോഴിക്കോട് സിറ്റി 466, റൂറല്‍ 636, കണ്ണൂര്‍ 750, വയനാട് 350, കാസര്‍കോട് 486, പാലക്കാട് 505, തൃശൂര്‍ റൂറല്‍ 778, കൊല്ലം സിറ്റി 429, റൂറല്‍ 651 എന്നിങ്ങനെയാണ് മറ്റു കണക്ക്. 2008 മുതല്‍ 2015 വരെയുള്ള (252408, 284743, 373771, 418770, 511278, 583182, 610365, 654008) പൊതുവായ ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമേണ വര്‍ധിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം കുറവുണ്ട് (5,89,592). 

റോഡപകടങ്ങളും മരണവും 2015ലേക്കാള്‍ കുറവ്
2016 നവംബര്‍ വരെ 36159 അപകടങ്ങളിലായി 3855 പേര്‍ക്ക് സംസ്ഥാനത്തെ നിരത്തുകളില്‍ ജീവന്‍ നഷ്ടമായി. 40,385 പേര്‍ക്ക് പരിക്കേറ്റു. മുന്‍വര്‍ഷം 39,014 അപകടങ്ങളില്‍ 4196 മരണവും 43,735 പേര്‍ക്ക് പരിക്കും സംഭവിച്ചിരുന്നു. 
2001 മുതലുള്ള കണക്കില്‍ ഏറ്റവുമധികം റോഡ് അപകടമരണങ്ങള്‍ ഇക്കാലയളവില്‍ 2012ലാണ് (4286). കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത് 2004ല്‍ (51,228).  

Tags:    
News Summary - violance against children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.