കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാൻ അടുത്ത അധ്യയന വർഷം മുതൽ ബോധവത്കരണ പരിപാടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് എസ്.സി.ഇ.ആർ.ടി (സ്റ്റേറ്റ് കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്) അധികൃതർ ഹൈകോടതിയിൽ അറിയിച്ചു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിദഗ്ധർ തയാറാക്കുന്ന പാഠങ്ങളാകും ഉൾപ്പെടുത്തുക. പാഠഭാഗങ്ങളുടെ രചന തുടങ്ങി. അടുത്ത അധ്യയന വർഷം മുതൽ ഒന്ന്, മൂന്ന്, അഞ്ച്, ആറ്, എട്ട്, ഒമ്പത് ക്ലാസുകളിലും 2025-26 അധ്യയന വർഷം മുതൽ രണ്ട്, നാല്, ഏഴ്, 10 ക്ലാസുകളിലും വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കഴിഞ്ഞ വർഷമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാൻ ബോധവത്കരണം വേണമെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചത്. എസ്.സി.ഇ.ആർ.ടി, എൻ.സി.ഇ.ആർ.ടി എന്നിവയെ ഹരജിയിൽ കക്ഷി ചേർത്തിരുന്നു.
പാഠ്യപദ്ധതിയിൽ മാറ്റം വരുത്തിയശേഷം അധ്യാപകർക്ക് ഇതിനായി ശില്പശാലകൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും എസ്.സി.ഇ.ആർ.ടിയുടെ അഭിഭാഷകൻ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മേയിൽ നടത്തിയ പരിശീലന പരിപാടിയിൽ 1,12,000 അധ്യാപകർ പങ്കെടുത്തു. കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റിയുടെ (കെൽസ) സഹായത്തോടെ ഹയർ സെക്കൻഡറി അധ്യാപകർക്കും ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സർക്കാറിനെയും എസ്.സി.ഇ.ആർ.ടിയെയും ഇതിനു സഹായിച്ച കെൽസയെയും കോടതി അഭിനന്ദിച്ചു. ഇക്കാര്യത്തിൽ എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം ലഭിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച്, ഹരജി സെപ്റ്റംബർ 18ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.