പാലക്കാട്: മലമ്പുഴ ധോണിയിൽ പിടികൂടിയ പി.ടി ഏഴ് ആനയുടെ കാഴ്ചപരിമിതി പരിഹരിക്കാൻ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിൽ വനംവകുപ്പ്. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ ഉടൻ ചുമതലപ്പെടുത്തും. വലതുകണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ട പി.ടി ഏഴിനെ ചീഫ് വെറ്ററിനറി ഓഫിസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കഴിഞ്ഞദിവസം പരിശോധിച്ചു.
ആനക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തല്‍. രണ്ടാഴ്ചക്കകം ശസ്ത്രക്രിയ നടത്താനാവുമെന്നാണ് കരുതുന്നത്. 20 വയസ്സ് മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്. പിടികൂടുന്ന വേളയിൽ തന്നെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. ഇത് എയർഗൺ പെല്ലറ്റുകൾ തട്ടിയുണ്ടായതാകാമെന്നാണ് നിഗമനം. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പതിനഞ്ചോളം പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. കാഴ്ചക്കുറവുണ്ടായിരുന്നതിനാല് കൂട്ടിലടച്ചതിന്റെ പിറ്റേന്ന് മുതല്‍ തന്നെ തുള്ളിമരുന്ന് നല്‍കുന്നുണ്ട്.
നിലവില്‍ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണം നല്‍കുന്നത്. കാഴ്ച നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നു.
ആനയുടെ കാഴ്ച നഷ്ടപ്പെട്ടതില്‍ ദുരൂഹതയാരോപിച്ച് ആനപ്രേമികളും രംഗത്തെത്തിയിരുന്നു. ചട്ടം പഠിപ്പിച്ചപ്പോള്‍ കാഴ്ചശക്തി പോയതാണോയെന്ന് പരിശോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഉദ്യോഗസ്ഥരുടെ വീഴ്ച മറച്ചുവെക്കാനാണ് പെല്ലറ്റ് കൊണ്ട് കാഴ്ച നഷ്ടപ്പെട്ടതാകാമെന്ന് പറയുന്നതെന്നും ആരോപണമുയർന്നിരുന്നു. ആനയുടെ ശരീരത്തില്‍ പെല്ലറ്റ് തറച്ചിരുന്നെന്ന് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നതിനിടെ വിഷയം ആനപ്രേമികള്‍ വിവരാവകാശ നിയമത്തിലൂടെ ആരാഞ്ഞിരുന്നു.
എന്നാല്‍, ലഭിച്ച മറുപടിയില്‍ പെല്ലറ്റുകള്‍ തറച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആന നാട്ടിലിറങ്ങി നടന്ന സമയത്ത് പെല്ലറ്റ് തറച്ചതോ മറ്റാനകളുമായി ഏറ്റുമുട്ടിയതോ മൂലമുണ്ടായ അപകടത്തിലാകാം കാഴ്ച നഷ്ടമായതെന്ന് ഹൈകോടതി നിയോഗിച്ച നിരീക്ഷണസമിതിയും കണ്ടെത്തിയിരുന്നു.
ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ കാട് വിട്ടിറങ്ങി നടന്ന് നാല് വര്‍ഷം കൃഷിനാശമുണ്ടാക്കിയ കാട്ടാനയാണ് പി.ടി-7. 2022 നവംബര്‍ മുതല്‍ മയക്കുവെടിവെച്ച് പിടികൂടുന്നതുവരെ പ്രദേശത്തെ ജനവാസമേഖലകളുടെ പേടിസ്വപ്നമായിരുന്നു ഈ കൊമ്പന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.