കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി വിഭാഗത്തിൽപെട്ട യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിലേക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരി 11ന് മെഡിക്കൽ കോളജ് വളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൽപറ്റ അഡ്ലൈഡ് സ്വദേശി വിശ്വനാഥന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെതിരെ സഹോദരൻ വിനോദ് കുന്ദമംഗലം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (പി) കോടതിയിൽ നൽകിയ ഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും. ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം ശരിയായി രേഖപ്പെടുത്തുകയോ മെഡിക്കൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയോ ചെയ്തിട്ടില്ല, സെക്യൂരിറ്റി ജീവനക്കാരനെ കൃത്യമായി ചോദ്യം ചെയ്തില്ല തുടങ്ങിയ കാര്യങ്ങളും ബന്ധുക്കൾ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.
വിശ്വനാഥന്റെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആൾക്കൂട്ട വിചാരണ നേരിട്ടതിനെ തുടർന്നാണ് വിശ്വനാഥന്റെ മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്, ആൾക്കൂട്ട വിചാരണ നടന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
ഭാര്യയുടെ പ്രസവത്തിനാണ് വിശ്വനാഥൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പിന് എത്തിയത്. വിശ്വനാഥന്റെ പേരിൽ മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റും ചേർന്ന് രാത്രി മർദിച്ചതായി അന്നുതന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ചിലർ വിശ്വനാഥനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിവിധ സംഘടനകളും ആരോപിച്ചിരുന്നു. വിശ്വനാഥനെ കാണാതായ സമയത്ത് ഭാര്യാ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ മോശമായി പെരുമാറുകയും അന്വേഷിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതായും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താതിരുന്നത് ആരെയോ സംരക്ഷിക്കാൻ വേണ്ടിയാണെന്നും കുടുംബം ആരോപിച്ചിരുന്നു. പുനർ പോസ്റ്റുമോർട്ടവും കുടുംബം ആവശ്യപ്പെട്ടു.
ദുരൂഹ മരണം വൻ വിവാദമാവുകയും പട്ടികജാതി ഗോത്ര കമീഷൻ ഉൾപ്പെടെ വിഷയത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. വെറുതെ ഒരാള്‍ തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്നായിരുന്നു കമീഷന്റെ ചോദ്യം. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകാമെന്ന് കമീഷന് അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയ പട്ടികവര്‍ഗ കമീഷനും കേസെടുത്തിരുന്നു. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കുമ്പോൾ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കുടുംബം സമയം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.