കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബേരിയ മൻസിലിൽ സുരേഷിന് (ഷാജഹാൻ -51) 24 വർഷം തടവ് ശിക്ഷ വിധിച്ചു. 1,50,000 രൂപ പിഴയും അടക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ തുക പെൺകുട്ടിക്ക് കൈമാറും. കഴിഞ്ഞദിവസം സുരേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിതുര പീഡനവുമായി ബന്ധപ്പെട്ട് സുരേഷ് ഒന്നാം പ്രതിയായി രജിസ്റ്റർ ചെയ്ത 24 കേസുകളില്‍ ഒന്നിലാണ് പ്രത്യേക കോടതി വിധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിൽ പാർപ്പിക്കൽ, മോശമായ കാര്യങ്ങൾക്ക് മറ്റുള്ളവർക്ക് കൈമാറൽ, അനാശാസ്യം എന്നീകുറ്റങ്ങളാണ് തെളിഞ്ഞത്.
എന്നാൽ, ബലാത്സംഗ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ജഡ്ജി ജോൺസൺ ജോൺ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയെ നേരത്തേ വെറുതെവിട്ട സാഹചര്യത്തിലാണ് പ്രേരണക്കുറ്റം തള്ളിയത്. സുരേഷ് പെൺകുട്ടിയെ ഇയാൾക്ക് കൈമാറി ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ബലാത്സംഗമടക്കം സുരേഷ് ഒന്നാം പ്രതിയായ 23 കേസുകളില്‍ ഇനി വിചാരണ ആരംഭിക്കാനുണ്ട്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ സുരേഷ് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പലർക്കായി കാഴ്ചെവച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
1995 നവംബർ മുതൽ 96 ജൂൈലവരെ പലർക്കും കൈമാറി. 1996 ജൂലൈ 16ന് പെൺകുട്ടിെയ പ്രതികളിലൊരാൾക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് പുറത്തറിഞ്ഞത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവർ പ്രതി ചേർക്കപ്പെട്ടതോടെ കേസ് വിവാദമായി. ഇതിനിടെ, സുരേഷ് ഒളിവിൽ പോയി. കണ്ടെത്താൻ കഴിയാതിരുന്നതോടെ ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടത്തിലും വിചാരണ നടന്നത്. പ്രതികളെ യുവതിക്ക് തിരിച്ചറിയാൻ കഴിയാതിരുന്നതോടെ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവരെയെല്ലാം േകാടതി വെറുതെവിട്ടു. ഇവർ കൂറുമാറിയതായി അന്ന് കോടതി പ്രഖ്യാപിച്ചിരുന്നു.
രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ കോടതി വെറുതെവിട്ടതിനു പിന്നാലെ 19 വർഷം ഒളിവിലിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 14 മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. 2019 ജൂണില്‍ ഹൈദരാബാദില്‍നിന്ന് പിടികൂടിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്.
വിതുര പീഡനക്കേസിൽ പ്രതിക്ക് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ:
•വകുപ്പ്-344: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കൽ - 2 വർഷം കഠിന തടവും 5000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക തടവ്.
•372ാം വകുപ്പ്: മോശമായ കാര്യങ്ങൾക്ക് പെൺകുട്ടിയെ കൈമാറൽ - 10 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്.
•അനാശാസ്യ നിരോധന നിയമത്തിലെ 5 (1) ഡി (രണ്ട്) വകുപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യഭിചാരത്തിന് ഉപയോഗിച്ചു-10 വർഷം കഠിന തടവും 2000 പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ്.
•അനാശാസ്യ നിരോധന നിയമത്തിലെ 3 (1) വകുപ്പ്: വ്യഭിചാരശാല നടത്തിപ്പ് - 2 വർഷം തടവും 2000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ്
കോട്ടയം: പീഡനത്തിനിരയായ പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവിസസ് അതോറിറ്റിയോട് കോടതി ശിപാർശ ചെയ്തു. വിക്ടിംസ് കോമ്പൻസേഷൻ സ്കീം പ്രകാരം ഇരക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശിച്ചത്.
ഭാര്യയും 13 വയസ്സുള്ള പെൺകുട്ടിയുമുള്ളതിനാൽ ശിക്ഷയിൽ ഇളവുണ്ടാകണമെന്ന പ്രതിയുടെ അപേക്ഷ കോടതി തള്ളി. അനാഥ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.13 വയസ്സുള്ള മകളുണ്ട്. ചെന്നൈ താംബരത്ത് അനാഥ മന്ദിരം ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവിടെ ഒമ്പത് കുട്ടികളുണ്ട്. 3 വർഷമായി അവരുടെ വിദ്യാഭ്യാസം, വസ്ത്രം, ആഹാരം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത് ഞാനാണ് -സുരേഷ് പറഞ്ഞു.
എന്നാൽ, പ്രതി കരുണ അർഹിക്കുന്നില്ലെന്ന് വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുര കോടതിയിൽ പറഞ്ഞു. പ്രതിയുടെ സ്വഭാവം, കുറ്റകൃത്യം, രീതി എന്നിവ പരിഗണിക്കണം. കേസുണ്ടാകുമ്പോൾ മുങ്ങുകയും എല്ലാവരെയും വെറുതെ വിട്ടപ്പോൾ കീഴടങ്ങുകയും ചെയ്തു.
വിചാരണ തുടങ്ങിയപ്പോൾ വീണ്ടും ഒളിവിൽ പോയി. 1996 മുതൽ ഇര നേരിട്ട ശാരീരിക മാനസിക പീഡനങ്ങൾ പരിഗണിക്കണമെന്നും അത് ജീവിതാവസാനം വരെ ഇരക്ക് മറക്കാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.