തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദേശം. എല്ലാ ജില്ലയിലും പൊലീസ് വിന്യാസം ശക്തമാക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നിർദേശം നൽകി. അവധിയിലുള്ള പൊലീസുകാരോട് തിരിച്ചെത്താനും ആവശ്യപ്പെട്ടു.
തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നും എ.ഡി.ജി.പി നിർദേശിച്ചു. ഈ പ്രദേശങ്ങളിൽ പ്രത്യേകം പട്രോളിങ് നടത്തണം. ഡി.ഐ.ജിമാരും ഐ.ജിമാരും നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കണം.
പ്രതിഷേധങ്ങൾ മറ്റു ജില്ലകളിലേക്കും മാറാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ജാഗ്രത നിർദേശം. രഹസ്യാന്വേഷണ വിഭാഗവും സമാന റിപ്പോർട്ട് നൽകിയിരുന്നു. വിഴിഞ്ഞത്ത് അക്രമം തടയുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടെയാണ് കരുതൽ നടപടി. തീരദേശ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുക. വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.