വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു -വി. വി രാജേഷ്

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഹൈകോടതി ഉത്തരവ് പൊലീസ് അട്ടിമറിച്ചെന്ന് ബി.ജെ.പി തിരുവനന്തപുരം വി.വി രാജേഷ് ആരോപിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് വേണ്ട സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ തടയരുതെന്ന ഹൈകോടതി ഉത്തരവ് അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിന്നു എന്ന് രാജേഷ് പറഞ്ഞു. സാധാരണ സമര സ്ഥലത്ത് ആയിരക്കണക്കിന് പൊലീസുകാരുടെ കാവൽ എല്ലാദിവസവും ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ എത്തിയ സമയത്ത് കേവലം നൂറിൽ താഴെ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. സമരക്കാരുടെ കൂട്ടത്തിൽ നൂറുകണക്കിന് സ്ത്രീകൾ ഉണ്ടായിരുന്നുവെങ്കിലും വനിതാ പൊലീസിനെ ഒരാളെപ്പോലും പ്രസ്തുത സ്ഥലത്ത് വിന്യസിച്ചിരുന്നില്ല എന്നത് ബോധപൂർവ്വമായ വീഴ്ചയാണ്.

വാഹനം തടഞ്ഞ് തുറമുഖം വിരുദ്ധ സമരക്കാർ സമീപപ്രദേശത്തെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തു. ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സമ്മതിക്കാതെ തടഞ്ഞുവച്ച് ഭീകരാവസ്ഥ സൃഷ്ടിച്ചു. മുല്ലൂർ പനവിള ക്ഷീര സഹകരണ സംഘത്തിൽ പാൽ വില്പനക്കായി വന്ന സാധാരണക്കാരായ കർഷകരെ ഉൾപ്പെടെ ക്രൂരമായി സമരക്കാർ മർദ്ദിച്ചു. ഈ സമയം പൊലീസ് വെറും കാഴ്ചക്കാരായി നോക്കി നിന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ പ്രദേശ വാസികൾക്ക് ചികിത്സാ സൗകര്യ ലഭ്യമാക്കുന്നതിനും സർക്കാർ തയ്യാറായിട്ടില്ല. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സി.പി.എമ്മും സംസ്ഥാനസർക്കാരും പുലർത്തുന്ന ഇരട്ടത്താപ്പാണ് പ്രശ്നങ്ങൾ ഇത്രയും സങ്കീർണ്ണം ആക്കുന്നതിന് കാരണമായത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം വേഗത്തിലാക്കാനും പ്രദേശ വാസികൾക്ക് സംരക്ഷണം നൽകാനും സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് വി. വി രാജേഷ് ആവശ്യപ്പെട്ടു.

Tags:    
News Summary - Vizhinjam anti-port protesters are creating an atmosphere of terror -V. V Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.