തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി കരാറിലെ ക്രമക്കേട് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ജുഡീഷ്യൽ കമീഷെൻറ പരിഗണനാവിഷയം സർക്കാർ ഭേദഗതി ചെയ്തു. അന്വേഷണദിശ തന്നെ മാറ്റുന്ന ഭേദഗതിയാണിത്. കരാറിനെ എതിർക്കുന്ന കക്ഷികൾക്ക് ഭേദഗതിക്കനുസരിച്ച് വാദം അവതരിപ്പിക്കാൻ ഇട നൽകാതെ കമീഷൻ സിറ്റിങ് വ്യാഴാഴ്ച അവസാനിപ്പിക്കുകയും റിപ്പോർട്ട് സമർപ്പണ തീയതി ആറ് മാസത്തേക്ക് നീട്ടുകയും ചെയ്തു.
ആറ് പരിഗണനാവിഷയങ്ങളാണ് ഭേദഗതി ചെയ്തത്. ഖജനാവിനുണ്ടായ നഷ്ടത്തിനും സംസ്ഥാനതാൽപര്യത്തിന് വിരുദ്ധമായ തീരുമാനം എടുത്തതിനും ഉത്തരവാദികളായവെര കണ്ടെത്തുക എന്നതായിരുന്നു ഒന്നാമത്തേത്. ഇത് ഭേദഗതി ചെയ്ത് ‘‘സി.എ.ജിയുടെ കണ്ടെത്തൽ അടിസ്ഥാനപ്പെടുത്തിയും കമീഷന് പ്രസക്തമെന്ന് തോന്നുന്ന മറ്റ് സാഹചര്യതെളിവ് പരിഗണിച്ചും കരാർ സംസ്ഥാനതാൽപര്യത്തിന് എതിരാണെന്നോ പൊതുഖജനാവിന് നഷ്ടം സംഭവിച്ചോയെന്നും അങ്ങനെയെങ്കിൽ ആ തീരുമാനം എടുത്തതിന് ഉത്തരവാദികൾ ആരെന്നും കണ്ടുപിടിക്കുക’’ എന്നാക്കി. ‘‘പൊതുതാൽപര്യത്തിന് എതിരും ക്രമക്കേടുള്ളതുമായ തീരുമാനം എടുത്തതിന് ഉത്തരവാദികളായവർക്ക് എതിരെ സ്വീകരിക്കാവുന്ന നിയമനടപടി’’ എന്നതായിരുന്നു നാലാമത്തെ പരിഗണനാവിഷയം. ഇത് ‘‘അഴിമതിയോ ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്തിയാൽ എടുക്കേണ്ട നിയമനടപടി ശിപാർശ ചെയ്യുക’’ എന്നാക്കി. മറ്റ് പരിഗണനാവിഷയത്തിലും കാതലായ മാറ്റമുണ്ട്.
കംട്രോളർ-ഒാഡിറ്റർ ജനറൽ(സി.എ.ജി) കണ്ടെത്തൽ പരിശോധിക്കാൻ അധികാരം വേണമെന്ന കമീഷെൻറ ആവശ്യം പരിഗണിച്ചാണ് ഭേദഗതി. പക്ഷേ, കമീഷനിൽ ഹാജരാവുന്ന കക്ഷികളാരെയും ഭേദഗതി അറിയിച്ചിട്ടില്ല. സർക്കാർ ഉത്തരവ് ജൂലൈ 19ന് തയാറായി. എന്നിട്ടും സിറ്റിങ് അവസാനിപ്പിച്ച ഇന്നലെയും വിജ്ഞാപനം ഇറങ്ങിയില്ല. വ്യാഴാഴ്ച അവസാന സിറ്റിങ്ങിനിടെ സർക്കാർ അഭിഭാഷകൻ തന്നെ ഇക്കാര്യം കമീഷെൻറ ശ്രദ്ധയിൽപെടുത്തി.
പുതിയ പരിഗണനാവിഷയപ്രകാരം വാദം അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് കക്ഷികളിൽ ഒരാളായ എ. ജോസഫ് വിജയൻ ആവശ്യപ്പെട്ടു. തുടർന്ന് വാദം അറിയിക്കാനുള്ളവർ ആഗസ്റ്റ് 14ന് മുമ്പ് രേഖാമൂലം നൽകണമെന്ന് മാത്രം കമീഷൻ ഉത്തരവിട്ടു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അദാനി പോർട്സ് ആൻഡ് എസ്.ഇ.ഇസഡ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചത് വഴി സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി കണ്ടെത്തിയത്. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 6000 കോടി രൂപയുടെ അഴിമതിയാണ് ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.