തിരുവനന്തപുരം: വിഴിഞ്ഞത്ത് മഞ്ഞുരുക്കത്തിന് വഴിതെളിഞ്ഞെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥകളുടെ കാര്യത്തിൽ സർക്കാർതലത്തിൽ ധാരണയിലെത്താത്ത സാഹചര്യത്തിൽ തിങ്കളാഴ്ച മന്ത്രിസഭ ഉപസമിതിയുമായി നിശ്ചയിച്ച ചർച്ച നടന്നില്ല. ചൊവ്വാഴ്ച വൈകുന്നേരത്തേക്ക് മാറ്റി. അനുരഞ്ജനങ്ങൾക്കും മധ്യസ്ഥ ശ്രമത്തിനുമൊടുവിൽ നാലു കാര്യങ്ങളാണ് ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായി ഉയർന്നത്.
വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍നിന്ന് 8000 രൂപയാക്കുക, തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരെ ഉൾപ്പെടുത്തുക, സംഘർഷത്തിന്‍റെ പേരിലെടുത്ത കേസുകൾ പിൻവലിക്കുക, സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സമരസമിതി പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുക എന്നിവയാണിവ. ഇതുസംബന്ധിച്ച് മന്ത്രിമാരായ കെ. രാജൻ, ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹിമാൻ എന്നിവരങ്ങിയ ഉപസമിതി ചർച്ച നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, സമരസമിതി നിർദേശിക്കുന്ന വിദഗ്ധരെ ഉൾപ്പെടുത്തണമെന്നതിലടക്കം സർക്കാർതലത്തിൽ ധാരണയിലെത്താനായില്ല. വാടകയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ചർച്ച ചൊവ്വാഴ്ച വൈകുന്നേരത്തേക്ക് മാറ്റിയത്. ഇതിന് മുമ്പ് മന്ത്രിതല ഉപസമിതിയും യോഗം ചേരും. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.
തിങ്കളാഴ്ച രാവിലെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ എന്നിവരുമായി മന്ത്രി ആന്‍റണി രാജു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർശനങ്ങളിലാണ് തിങ്കളാഴ്ച വൈകുന്നേരം ചർച്ചയെന്ന തീരുമാനമുണ്ടായത്. ഇതനുസരിച്ച് സമരസമിതി യോഗം ചേരുകയും ചർച്ചക്കെത്താൻ തയാറാകുകയും ചെയ്തിരുന്നു. തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ സമരസമിതി ഉറച്ചുനിൽക്കുകയാണ്. വീട് നഷ്ടമായവര്‍ക്ക് വാടകയായി നിശ്ചയിച്ച തുക സർക്കാർതന്നെ നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. അദാനി കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് നൽകാനുള്ള സർക്കാർ ആലോചന സമരക്കാർ തള്ളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.