തിരുവനന്തപുരം: വിഴിഞ്ഞം തീരം തുറമുഖം നിർമിക്കാനാകുംവിധം സുരക്ഷിതമാണെന്ന് വിവിധ പഠനങ്ങളിലൂടെ സർക്കാർ നുണ പ്രചരിപ്പിച്ചെന്ന് വിഴിഞ്ഞം സമരസമിതി നിയോഗിച്ച ജനകീയ പഠനസമിതി.തുറമുഖ നിർമാണം തടസ്സപ്പെടരുതെന്ന ഉദ്ദേശ്യംവെച്ചാണ് ഇത്തരം റിപ്പോർട്ടുകളിറക്കാൻ സർക്കാറുകൾ തുനിഞ്ഞതെന്ന് പഠനസമിതിയുടെ ഇടക്കാല റിപ്പോർട്ട് ആരോപിച്ചു.
മേഖല പരിസ്ഥിതിലോല പ്രദേശമാണെന്ന് മുമ്പുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം തീരങ്ങളിൽ തുറമുഖങ്ങൾ പാടില്ലെന്ന് നിർദേശങ്ങളും വന്നിരുന്നു. അവയെല്ലാം മറച്ചുവെച്ചാണ് തുറമുഖ നിർമാണത്തിന് അനുകൂലമായ റിപ്പോർട്ടുകൾ തയാറാക്കിയതെന്ന് പഠനസമിതി ചെയർമാൻ കെ.വി. തോമസ് വ്യക്തമാക്കി.
തുറമുഖത്തിന് ഡ്രെഡ്ജിങ് വേണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.അത് യാഥാർഥ്യമല്ല. മൂന്നു വർഷത്തെ മാത്രം കണക്കെടുത്താൽ 241 വീടുകളാണ് പൂർണമായോ ഭാഗികമായോ തകർന്നത്. ചുഴലിക്കാറ്റുകളെ പഴിചാരി മാത്രം തീരത്തെ നാശം കണക്കുകൂട്ടാൻ കഴിയില്ല. ചുഴലികൾകൊണ്ട് 25 വീടുകൾ മാത്രമാണ് തകർന്നത്. 15 സ്വാഭാവിക പാരുകൾ തകർന്നു.
ഇതിലൂടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമുണ്ടായി. മുതലപ്പൊഴിയിൽ തുടരെ അപകടങ്ങളുണ്ടാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്നതിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജൂലൈ 27ന് സംവാദം നടക്കുന്നുണ്ട്. ആറുമാസം കൊണ്ട് സർക്കാർ പഠനസമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടുമാസം പിന്നിട്ടിട്ടും ഒന്നുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.