കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലത്തേക്കുള്ള എല്ലാ തടസ്സങ്ങളും അടിയന്തരമായി നീക്കണമെന്ന് ഹൈകോടതി. മത്സ്യത്തൊഴിലാളികൾ നിർമാണം തടസ്സപ്പെടുത്തുന്നതിനെതിരെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാറുകാരും നൽകിയ ഹരജിയിലും പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പാലിച്ചിട്ടില്ലെന്ന് കാട്ടി നൽകിയ കോടതിയലക്ഷ്യ ഹരജിയിലുമാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന നവംബർ ഏഴിനകം തടസ്സങ്ങൾ നീക്കണമെന്നാണ് കോടതിയുടെ അന്ത്യശാസനം.
കോടതി ഉത്തരവ് ലംഘിച്ച് സമരക്കാർ സംഘടിച്ച് തടസ്സം സൃഷ്ടിക്കുന്നതായി ഹരജിക്കാർ ആരോപിച്ചു. ഇതുമൂലം നിർമാണ സ്ഥലത്തേക്ക് പോകാനോ വരാനോ കഴിയുന്നില്ലെന്നും നിർമാണം സ്തംഭിച്ച അവസ്ഥയിലാണെന്നും അവർ വാദിച്ചു. അതേസമയം, തുറമുഖ നിർമാണത്തിന്‍റെ പേരിലുണ്ടാകുന്ന പരസ്ഥിതി പ്രശ്നം ആശങ്കപ്പെടുത്തുന്നതാണെന്നും പലരുടെയും വാസസ്ഥലം നഷ്ടപ്പെടുമെന്നും സമരക്കാർ ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ചർച്ച നടക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി. എന്നാൽ, ഇവയൊന്നും കോടതിയുടെ പരിഗണന വിഷയങ്ങളല്ലെന്നും ഇത്തരം കാര്യങ്ങളുന്നയിച്ച് നിർമാണ സ്ഥലത്തേക്ക് തടസ്സം സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഉടൻ തടസ്സങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.
തുറമുഖ നിർമാണത്തിന് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.