തിരുവനന്തപുരം: 400 മീറ്റർ ബെർത്ത് നിർമാണം പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ മലയാളികൾക്ക് ഓണസമ്മാനമായി ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖ നിർമാണത്തെ തുടർന്ന് മത്സ്യലഭ്യതയിൽ കുറവുണ്ടായി എന്ന വാദം ശരിയല്ല.
2011മായി താരതമ്യം ചെയ്യുമ്പോൾ 2022ൽ വിഴിഞ്ഞം മേഖലയിലെ മത്സ്യ സമ്പത്തിൽ 16 ശതമാനം വർധനയുണ്ടായി എന്നാണ് സി.എം.എഫ്.ആർ.ഐ റിപ്പോർട്ട്. വേളിയിലും ശംഖുംമുഖത്തും തീരശോഷണം ഉണ്ടായത് വിഴിഞ്ഞം തുറമുഖ നിർമാണംകൊണ്ടല്ല. തുറമുഖ നിർമാണം മൂലം കടൽത്തട്ടിലെ മണൽ നീക്കം നിശ്ചലമായി എന്നാണ് പ്രചാരണം.
എന്നാൽ, വേളി- ശംഖുംമുഖം തീരങ്ങളിൽ മുമ്പുണ്ടായിരുന്നതിനെക്കാളും വിസ്തൃതമായും മനോഹരമായും കര തിരിച്ചെത്തി എന്നത് ഈ വാദത്തെ തള്ളിക്കളയുന്നു. രാജ്യത്തേക്കുള്ള ഭൂരിഭാഗം ചരക്ക് നീക്കത്തിനും ആശ്രയിക്കുന്നത് കൊളംബോ, സലാല തുറമുഖങ്ങളെയാണ്. 2500 കോടിയുടെ വിദേശ നാണ്യനഷ്ടമാണ് ഇതുവഴി നമുക്കുണ്ടാകുന്നത്. മണ്ണെണ്ണ വില വർധന മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിച്ചു എന്നത് ശരിയാണ്. 2011മായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനമാണ് മണ്ണെണ്ണ വിലയിലെ വർധന. മത്സ്യ ബന്ധനത്തിന് ബദൽ ഇന്ധനങ്ങൾ ആലോചിക്കണം. കേരളത്തിന്റെ വികസന പഠന വായനകളിൽ വിഴിഞ്ഞത്തിന് മുമ്പും ശേഷവുമെന്ന് കൃത്യമായി അടയാളപ്പെടുത്തപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിച്ച വിദഗ്ധ സംഗമത്തിലായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.