കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ ബോധ്യപ്പെടുത്തണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ തുടർന്ന് തുറമുഖ നിർമാണം തടസ്സപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ മതിയായ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പൊലീസും സർക്കാറും ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇടക്കാല ഉത്തരവ് നടപ്പാക്കിയശേഷം മറ്റു കാര്യങ്ങൾ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹരജികൾ 25ന് പരിഗണിക്കാൻ മാറ്റി.
തുറമുഖനിർമാണം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്നും പ്രദേശം കടലെടുക്കുമെന്നും ആരോപിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുറമുഖ നിർമാണം തടസ്സപ്പെടുത്തിയെന്നും പദ്ധതി വൈകുന്നത് കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
തുടർന്ന്, സെപ്റ്റംബർ ഒന്നിനാണ് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഇടക്കാല ഉത്തരവ് നൽകിയത്. ഹരജി പരിഗണിക്കവേ പരിസ്ഥിതി പ്രശ്നങ്ങളുൾപ്പെടെ എതിർകക്ഷികൾ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംരക്ഷണ ഹരജിയാണ് ഇപ്പോൾ പരിഗണിക്കുന്നതെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. പദ്ധതി പ്രദേശത്തേക്ക് ജീവനക്കാർക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും കടന്നുപോകാനും തിരിച്ചു പോരാനും തടസ്സമുണ്ടാകരുതെന്ന് നേരത്തേ ഹരജി പരിഗണിക്കവേ കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.