തിരുവനന്തപുരം: കോണ്‍ഗ്രസ് വാര്‍ത്താചാനല്‍ ജയ്ഹിന്ദിന്‍െറ പ്രസിഡന്‍റ് സ്ഥാനം വി.എം. സുധീരന്‍ ഒഴിഞ്ഞു. പദവിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ കത്ത് വെള്ളിയാഴ്ച ചേര്‍ന്ന ചാനല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഇതോടൊപ്പം, ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ച് കെ.പി.സി.സി മുന്‍ സെക്രട്ടറി വിജയന്‍ തോമസ് നല്‍കിയ കത്തും യോഗം അംഗീകരിച്ചു. ഇതോടെ പ്രസിഡന്‍റിന് പുറമേ ചാനലിന് ചെയര്‍മാനും ഇല്ലാതായി.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്‍റായിരിക്കെയാണ് പാര്‍ട്ടി നിര്‍വാഹകസമിതി ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി കെ.പി.സി.സിക്ക് കീഴില്‍ പ്രത്യേകം ട്രസ്റ്റും രൂപവത്കരിച്ചു. ചാനല്‍ സാങ്കേതികമായി ഈ ട്രസ്റ്റിന് കീഴിലാണ്. അതത് കാലത്തെ കെ.പി.സി.സി പ്രസിഡന്‍റിന് ആണ് ട്രസ്റ്റ് ചെയര്‍മാന്‍െറയും ചാനല്‍ പ്രസിഡന്‍റിന്‍െറയും ചുമതല. ചെന്നിത്തലക്ക് ശേഷം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായതോടെ ഈ പദവികള്‍ അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍, ചാനലിന്‍െറ വന്‍ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ പരിഗണിച്ച് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ സുധീരന്‍ കുറച്ചുനാളുകളായി വൈമുഖ്യം പ്രകടിപ്പിക്കുകയാണ്. ഏതാനും ദിവസംമുമ്പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞ് കത്തും കൈമാറി.
വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ സംബന്ധിച്ച സുധീരന്‍, ചാനലിന്‍െറ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രാജി അംഗീകരിക്കാന്‍ തീരുമാനമായത്. ഇതോടൊപ്പം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തില്‍നിന്നുള്ള വിജയന്‍ തോമസിന്‍െറ രാജിയും യോഗം അംഗീകരിച്ചു. അദ്ദേഹമാണ് ചാനലിന്‍െറ ചെയര്‍മാന്‍ സ്ഥാനം വഹിച്ചുവന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനുപിന്നാലെയാണ് വിജയന്‍ തോമസ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തില്‍നിന്നുള്ള രാജി പ്രഖ്യാപിച്ചത്.അതേസമയം, വി.എം. സുധീരന്‍െറ നടപടി പാര്‍ട്ടി തീരുമാനത്തിനുവിരുദ്ധമാണെന്ന വിമര്‍ശനം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നു. അതത് കാലത്തെ കെ.പി.സി.സി പ്രസിഡന്‍റ് പാര്‍ട്ടി ചാനലിന്‍െറ പ്രസിഡന്‍റായിരിക്കണമെന്നത് പാര്‍ട്ടി നിര്‍വാഹകസമിതിയില്‍ ഉടലെടുത്ത വികാരമാണ്. അതു മാനിക്കാതെയും നിര്‍വാഹകസമിതിയുമായി കൂടിയാലോചിക്കാതെയും സ്ഥാനമൊഴിയാന്‍ സുധീരന്‍ സ്വയം തീരുമാനിക്കുകയായിരുന്നെന്നാണ് വിമര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.